കൊച്ചി: കോടികളുടെ തിരിമറി നടന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സിപിഎമ്മിന് നിയന്ത്രണമുളള ബാങ്കിനെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ഇവിടുത്തെ മുൻ ജീവനക്കാരൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുളളത്.
ക്രൈംബ്രാഞ്ച് അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികൾ തയ്യാറാക്കിയ നിരവധി വ്യാജ രേഖകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. നൂറുകോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണമാണ് തുടരുന്നതെന്നും ബാങ്കിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജീവനക്കാരൻ സ്ഥാപിത താൽപ്പര്യങ്ങളോടെയാണ് ഹർജിയുമായി സമീപിച്ചതെന്നുമാണ് സർക്കാർ മറുപടി.