സ്മാര്‍ട്ട്‌ഫോൺ പരസ്യത്തില്‍ ആപ്പിളിനെ ട്രോളി ഗൂഗിള്‍

ന്യൂഡെൽഹി: പിക്‌സല്‍ 5 എ സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ പരസ്യത്തില്‍ ആപ്പിളിനെ ട്രോളുകയാണ് ഗൂഗിള്‍. ആപ്പിളിന്റെ തന്നെ പ്രശസ്തമായ പരസ്യങ്ങളുടെ ഒരു സ്പൂഫ് ആണിത്. ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഇല്ലാതാക്കിയതിനെക്കുറിച്ച് വളരെ സരസമായാണ് പരസ്യത്തില്‍ ഗൂഗിള്‍ ട്രോളിയിരിക്കുന്നത്.

ആപ്പിളിന്റെ വിപണനത്തിന്റെ ഒരു മികച്ച പാരഡിയാണിത്. ഗൂഗിള്‍ പരസ്യം ലക്ഷക്കണക്കിനാളുകള്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ ഇതിനെതിരേ വ്യാപകമായ എതിര്‍പ്പും ഐഫോണ്‍ ഫാന്‍സ് ഉയര്‍ത്തിയിട്ടുണ്ട്.

ഐഫോണിനെ ട്രോളുന്ന ഗൂഗിളിന്റെ പരസ്യം കാപട്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഇല്ലാത്ത ഐഫോണിനെ ട്രോളുമ്പോള്‍ വരാനിരിക്കുന്ന തങ്ങളുടെ മോഡലുകളില്‍ ഇതുണ്ടെന്ന് ഉറപ്പാക്കണമെന്ന് പലരും ഗൂഗിളിനോടു പറയുന്നു.

വരാനിരിക്കുന്ന പിക്‌സല്‍ 6 ഉള്‍പ്പെടെയുള്ള പിക്‌സല്‍ ഫോണുകളില്‍ നിന്ന് ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഗൂഗിള്‍ നീക്കം ചെയ്യുമെന്നാണ് സൂചനകള്‍. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ ഈ പരസ്യത്തിനെന്താണ് പ്രസക്തിയെന്നാണ് ചോദ്യം.

ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഇല്ലാതെ ധാരാളം ഗൂഗിള്‍ ഫോണുകള്‍ ഉണ്ട്. വാസ്തവത്തില്‍, ഗൂഗിള്‍ ആപ്പിളിന്റെ മുന്‍നിര മോഡലുകളില്‍ പോര്‍ട്ട് നീക്കം ചെയ്യുന്നതു പോലും പിന്തുടരുകയാണെന്ന് എതിരാളികള്‍ പറയുന്നു. ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സിലേക്ക് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്തരം പരസ്യങ്ങളെന്നും വാദമുണ്ട്.