നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ തെന്നി വീണ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: നെല്ലിയാമ്പതി കുണ്ടറചോല വെള്ളച്ചാട്ടത്തില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ്മോന്‍ (36) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞദിവസമാണ് ജയരാജ് നെല്ലിയാമ്പത്തിയിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ജയ്മോന്‍ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.

ജയ്മോന്‍ കാല്‍വഴുക്കി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുകള്‍ നാട്ടുകാരെ വിവരമറിയിക്കുകയും പിന്നീട് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ പാറക്കെട്ടില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെ നിന്നും മൃതദേഹം കണ്ടെത്തി. ‍

നെന്മാറ എംഎല്‍എ കെ.ബാബു സംഭവസ്ഥലത്ത് എത്തിയിരുന്നു. നെന്മാറ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നെന്മറയിൽ നിന്നും നെല്ലിയാമ്പതിയില്‍നിന്നും വന്ന പോലീസ് സംഘങ്ങളും ആലത്തൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സുമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.