ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളില്‍ തടസ്സമുണ്ടാകാമെന്ന് എസ്ബിഐ

മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ പണിമുടക്കുമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പ്. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍ രണ്ട് ദിവസത്തേക്ക് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ലഭ്യമായേക്കില്ല. സെപ്റ്റംബര്‍ നാലിനും അഞ്ചിനും ഇടയില്‍ സേവനങ്ങള്‍ തടസപ്പെട്ടേക്കാം എന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്

ബാങ്കിന്റെ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ നാലിനും സെപ്റ്റംബര്‍ അഞ്ചിനുമാണ് സേവനങ്ങള്‍ തടസപ്പെടുക. ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സേവനങ്ങളില്‍ തടസ്സമുണ്ടാകാം.സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് സേവനം തടസപ്പെടാന്‍ കാരണമെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും ബാങ്ക് അറിയിച്ചു.

എസ്ബിഐയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കും ഓഫറുകള്‍ക്കുമെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. മൊബൈലില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് അറിയിപ്പ്.