കെഎസ് ആര്‍ടിസി കോംപ്ലസുകളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാൻ സർക്കാർ ; ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി കോംപ്ലസുകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കാൻ സർക്കാർ. ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. സ്ത്രീ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും. സ്റ്റാന്‍ഡില്‍ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ സൗകര്യം ദുരുപയോഗം ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.’മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍ പുതിയ ആശയം മുന്നോട്ട് വച്ചത്.

കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ വര്‍ഷങ്ങളായി നിരവധി മുറികള്‍ വാടകയ്ക്ക് പോകാതെ കിടപ്പുണ്ട്. ബെവ്‌കോയുടെ വില്‍പ്പനശാലകളില്‍ ഭൂരിഭാഗവും സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വാടകയാണ് ഇതിന് ബെവ്‌കോ നല്‍കുന്നത്. ഈ വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കാന്‍ പുതിയ പദ്ധതി വഴിയൊരുക്കുമെന്നുമാണ് അധികൃതരുടെ അവകാശവാദം.