പതിമൂന്നുകാരനെ ഡ്രൈവറാക്കി; പിതാവ് റിമാൻഡിൽ

ചാത്തന്നൂര്‍: യാത്രക്കിടെ കാര്‍ ഡ്രൈവിങ് 13 വയസ്സുകാരനായ മകനെ ഏല്‍പ്പിച്ച പിതാവിനെ പൊലീസ് റിമാന്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറിനെയാണ് റിമാന്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ച്‌ ലക്കുകെട്ടതിന് ശേഷം ദീര്‍ഘദൂര യാത്രക്ക് എട്ടാക്ലാസുകാരനായ മകനെ ഡ്രൈവറാക്കുകയായിരുന്നു.

തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കായിരുന്നു യാത്ര. ചൊവ്വാഴ്ച രാത്രി എട്ടിന് ചാത്തന്നൂര്‍ ജങ്ഷനില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.
ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് പ്രകാരമാണ് കേസ് എടുത്തത്.

കാറിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. മലപ്പുറത്താണ് കുട്ടി പഠിക്കുന്നത്.