ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ലെന്ന് ചെന്നിത്തല; കോണ്‍ഗ്രസിലെ അവസാനവാക്ക് കെ സുധാകരനെന്ന് വി ഡി സതീശന്‍

കോഴിക്കോട്: ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് കോൺഗ്രസിൽ ആര്‍ക്കും മുന്നോട്ടുപോകാനാവില്ലെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ കെ സുധാകരനാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

സംഘടനബോധം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വിഷയത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ‘നോ കമന്റ്സ്’ എന്നായിരുന്നു സതീശന്റെ മറുപടി. നേരത്തെ കോണ്‍ഗ്രസ് ഡി സി സി അധ്യക്ഷ നിയമനത്തില്‍ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു.

അധ്യക്ഷ നിയമനത്തില്‍ തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട് ആലോചിക്കണമായിരുന്നെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. കോട്ടയം ഡിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണചടങ്ങില്‍ സംസാരിക്കുവെയായിരുന്നു രമേശ് ചെന്നിത്തല നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്. താനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിനെ നയിച്ച 17 വര്‍ഷകാലം വലിയ നേട്ടം കൈവരിച്ചെന്നും അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണെന്ന് പറഞ്ഞ ചെന്നിത്തല കാര്യങ്ങള്‍ തന്നോട് ആലോചിക്കേണ്ട കാര്യമില്ല പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കണമായിരുന്നെന്നുമെന്നും പറഞ്ഞു. ഉമ്മന്‍ചാണ്ടി എഐസിസിയുടെ ജനറല്‍ സെക്രട്ടറിയാണ്, വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. അങ്ങിനെയുള്ള ഉമ്മന്‍ ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്’ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന നേതാവ് എന്ന പ്രയോഗത്തിനെതിരെയും രമേശ് ചെന്നിത്തല രംഗത്ത് എത്തി. തന്നെ പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റിനിര്‍ത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരിനെക്കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു.

പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനോട് കണ്ണടച്ചിട്ട് കാര്യമില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന നേതൃത്വത്തിന്റെ രീതിയെയും ചെന്നിത്തല കടന്നാക്രമിച്ചു. നേരത്ത അച്ചടക്ക നടപടി എടുത്തിരുന്നെങ്കില്‍ പലരും ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

‘ഇവിടെ കുറേ ദിവസമായി അച്ചടക്കത്തെക്കുറിച്ച് ഭയങ്കര സംസാരമാണ്. അച്ചടക്കത്തെക്കുറിച്ച് പലരും സംസാരിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. മുന്‍കാല പ്രാബല്യത്തോടെയാണെങ്കില്‍ ഇവരില്‍ എത്രപേര്‍ കോണ്‍ഗ്രസിനകത്ത് ഉണ്ടാകുമായിരുന്നു എന്നാണ് ഞാന്‍ ആലോചിക്കുന്നത്. അതുകൊണ്ട് അതൊന്നും വേണ്ടാ..” ചെന്നിത്തല പറഞ്ഞു. അച്ചടക്ക നടപടികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ പ്രതിപക്ഷ നേതാവ്, എല്ലാവരും ഒരുമിച്ച് പോകുമ്പോഴാണ് കോണ്‍ഗ്രസിന്റെ ശക്തിയെന്നും വ്യക്തമാക്കി.