തിരുവനന്തപുരം: ഡിസിസി പട്ടികയെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ കോൺഗ്രസ് ഹൈക്കമാന്‍ഡിനെതിരെ തിരിയുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ കോൺഗ്രസ് ഗ്രൂപ്പുകൾ തിരിയുകയാണ്. അതേസമയം കെ സി വേണുഗോപാൽ കോൺഗ്രസിൻ്റെ അന്തകവിത്താണെന്ന ആക്ഷേപം വൻ പ്രചാരണം ശക്തിപ്പെടുകയാണ്. ഉടൻ ഗ്രൂപ്പ് യോഗങ്ങൾ വിളിക്കില്ലെങ്കിലും, ഗ്രൂപ്പ് വികാരം ശക്തമായി നിലനിർത്താനാണ് ശ്രമം.
താരിഖ് അൻവറെ മുൻ നിർത്തി കെസി വേണുഗോപാലിൻ്റെ കളികൾ നടക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഇദ്ദേഹത്തിന്റെ കേരളത്തിലെ പ്രവർത്തനങ്ങളിലുള്ള അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാനൊരുങ്ങുകയാണ് നേതാക്കൾ. കോൺഗ്രസ് ഹൈക്കമാന്‍ഡിലെ ബിജെപി പക്ഷപാതികളായ രണ്ട് നേതാക്കൾ സംസ്ഥാനത്തെ സംഘടനയെ നശിപ്പിക്കുകയാണ്. ഇവർ ഒഴിഞ്ഞുപോയാലേ കോൺഗ്രസ് ഗതിപിടിക്കുമെന്ന രഹസ്യ സന്ദേശം ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നുണ്ട്.
കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഗ്രൂപ്പുകൾ മുന്നോട്ടുവക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധികളുടെ പരിഹാരം സംഘടനാ തെരഞ്ഞെടുപ്പാണെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിലപാട്. ഡിസിസി പുനഃസംഘടനാ ചർച്ചകൾ താരിഖ് അൻവർ കൃത്യതയോടെ കൈകാര്യം ചെയ്തില്ലെന്നും ആരോപണമുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളെടുക്കുന്ന ഘട്ടത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും താരിഖ് അൻവർ പരിഗണിച്ചില്ല.
പരസ്യ നിലപാടെടുത്ത ചില നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയ വിമർശനങ്ങളും ഉയരുന്നുണ്ട്.
കരുണാകരനും ആന്റണിയും ഉണ്ടായിരുന്നപ്പോഴുള്ള ഗ്രൂപ്പിസത്തിന്റെ അമ്പത് ശതമാനം പോലും ഇപ്പോഴില്ലെന്ന് പറയുന്ന സർക്കുലർ ഗ്രൂപ്പിന്റെ മറവിൽ അർഹതയില്ലാത്തവർ സ്ഥാനമാനങ്ങൾ നേടിയതും അർഹതയുള്ളവർ തഴയപ്പെട്ടതും യാഥാർഥ്യമാണെന്ന് സമ്മതിക്കുന്നുണ്ട്. അച്ചടക്ക നടപടിയിൽ കെപിസിസി ഇരട്ടനീതി നടപ്പാക്കുകയാണ്.
കെ സി വേണുഗോപാലിനെ അപമാനിച്ച പി എസ് പ്രശാന്തിനെതിരെ നടപടിയെടുത്തപ്പോൾ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ആക്ഷേപിച്ച് സംസാരിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ നടപടിയൊന്നുമുണ്ടാകാത്തതും എന്ത് നീതിയാണെന്ന് സർക്കുലർ ചോദിക്കുന്നു. ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് താല്പര്യമില്ലാത്ത മുല്ലപ്പള്ളിയെ പ്രസിഡന്റാക്കി. അപ്പോഴും യോജിച്ചു പോകാൻ ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് കഴിഞ്ഞില്ല. അവർ വലിയ ആവേശം കാണിച്ചില്ല. സ്വാഭാവികമായും പാർട്ടി ശരശയ്യയിലായി. എന്നെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല എന്ന് പറയുന്ന കെപിസിസി പ്രസിഡന്റ് ഒന്നും ചെയ്തില്ലെന്നും സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നു.