പിഞ്ചുകുട്ടികളെ തീക്കൊളുത്തി അമ്മ ആത്മഹത്യ ചെയ്തത് സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകളാൽ

കൊച്ചി: അങ്കമാലിയില്‍ പിഞ്ചുകുട്ടികളെ തീക്കൊളുത്തി അമ്മ ആത്മഹത്യ ചെയ്തത് സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകളോര്‍ത്ത്. മൂന്നും ഏഴും വയസ്സുള്ള രണ്ട് മക്കളുമായി അമ്മ അഞ്ജുവാണ് ആത്മഹത്യ ചെയ്തത്. ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ നിരാശയിലായിരുന്നു അഞ്ജുവെന്ന് ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

പെട്ടന്നുള്ള ഭര്‍ത്താവിന്റെ മരണത്തിന്റെ ഇരുപത്തെട്ടാം ദിവസമാണ് പിഞ്ചുമക്കളെയും കൂട്ടി അങ്കമാലി തുറവൂര്‍ സ്വദേശിയായ അഞ്ജു ആത്മഹത്യ ചെയ്തത്. മുറി അടച്ചിട്ട അ‍ഞ്ജു അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണ സ്വന്തം ദേഹത്തേക്കും മക്കളുടെ ദേഹത്തേക്കും ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

ഭര്‍ത്താവ് അനൂപിന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ലോക്ഡൗണ്‍ കാലത്ത് ജോലി ഇല്ലാതായതോടെ കുടുംബം സാമ്പത്തിക പ്രശ്നത്തിലായിരുന്നു. ഒപ്പം അപ്രതീക്ഷിതമായുള്ള ഭര്‍ത്താവിന്റെ വേര്‍പാട് വന്നതോടെ മക്കളെ നോക്കാനാകില്ലെന്ന ഭയവും അഞ്ജുവിനുണ്ടായിരുന്നു. തനിയക്ക് മറ്റ് ജോലികളൊന്നും അറിയില്ലെന്ന് പറഞ്ഞിരുന്നതായും നാട്ടുകാര്‍ പറയുന്നു.

ഒന്നരമാസം മുന്‍പാണ് അഞ്ജുവിന്‍റെ ഭര്‍ത്താവ് അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഡ്രൈവറായിരുന്ന അനൂപിന് 34 വയസ്സായിരുന്നു പ്രായം മരിച്ച കുട്ടികളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്ന് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.