കോൺഗ്രസ് പോഷക സംഘടനാ പുനസംഘടന; പോര് മുറുകുന്നു; “പെട്ടി താങ്ങികൾ “ക്ക് എതിരേ ജാഗ്രത പാലിക്കാൻ രഹസ്യനീക്കം

തിരുവനന്തപുരം: ഹൈക്കമാൻഡിനെ മറയാക്കി ഒളിപ്പോരിലൂടെ കോൺഗ്രസിൽ സ്വന്തം ഗ്രൂപ്പ് വളർത്തുന്ന എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരേ ജാഗ്രത പാലിക്കാൻ
പോഷക സംഘടനകൾ. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് വേണു ഗ്രൂപ്പ് ഡിസിസി അധ്യക്ഷപദം പിടിച്ചത്. അതുകൊണ്ട് യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു എന്നിവ പുനഃസംഘടിപ്പിക്കുമ്പോൾ “പെട്ടി താങ്ങികൾ ” വരുമെന്ന് നിലവിലുള്ള പോഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

മാതൃസംഘടനയിൽ പോരു മുറുകിയതോടെ പോഷക സംഘടനകളിലേക്കും പടരുകയാണ്. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന ലതിക സുഭാഷ് പദവി രാജിവച്ചതോടെ സംഘടന അനാഥാവസ്ഥയിലാണ്. ലതിക സുഭാഷ് ഒഴിഞ്ഞിട്ട് മാസങ്ങളായിട്ടും ആ സ്ഥാനത്തേക്ക് പകരം ആളെ കണ്ടെത്താൻ കെപിസിസി നേതൃത്വം മെനക്കെടാത്തതു തന്നെ, പോഷക സംഘടന രഹസ്യത്തിൽ പിടിക്കാനുള്ള നീക്കത്തിൻ്റെ തെളിവാണെന്നാണ് പ്രവർത്തകർ പറയുന്നു.

യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടന്നെങ്കിലും, ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടക്കാരെ സംസ്ഥാന എക്സിക്യൂട്ടീവിലേക്കും മറ്റും നോമിനേറ്റ് ചെയ്യുന്ന പതിവ് രീതി പുതുക്കുക മാത്രമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. കമ്മിറ്റികൾ പലയിടത്തും ഗ്രൂപ്പ് വീതംവയ്പിന്റെ അടിസ്ഥാനത്തിൽ സമവായ കമ്മിറ്റികളായി. എംഎൽഎ കൂടിയായ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞ് യോഗ്യരായ മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്ന അഭിപ്രായം വേണു ഗ്രൂപ്പ് ശക്തമാക്കിയിട്ടുണ്ട്.

കാലാവധി പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞ കെഎസ്‌യു കമ്മിറ്റികൾ പിരിച്ചുവിടണമെന്നും പുതിയവ രൂപവത്കരിക്കണമെന്നും കെഎസ്‌യു പ്രസിഡന്റായി നിയമിതനായതിനു പിന്നാലെ കെഎം അഭിജിത് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ഗൗനിച്ചില്ല. യൂത്ത് കോൺഗ്രസ് ‑കെഎസ്യു പുനഃസംഘടനയ്ക്കു മുതിർന്നാൽ ഗ്രൂപ്പുകൾ കണക്കു തീർക്കുന്നത് തെരുവിലായിരിക്കുമെന്ന് മുൻ അനുഭവങ്ങളിൽ നിന്നു ബോദ്ധ്യമുള്ളതുകൊണ്ടാണ് കെപിസിസി നേതൃത്വം മനഃപൂർവമായിത്തന്നെ വിട്ടുകളയുന്നത്.

ഡിസിസി പുന: സംഘടനയുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ ആവശ്യം ശക്തമായിത്തന്നെ കെപിസിസി നേതൃത്വത്തിന്റെയും ദേശീയ നേതൃത്വങ്ങളുടെയും മുന്നിൽ കൊണ്ടുവരാനാണ് പോഷക സംഘടനകളിലെ സമാന ചിന്താഗതിയുള്ള വലിയൊരു വിഭാഗത്തിന്റെ തയ്യാറെടുപ്പ്.