ലക്ഷങ്ങൾ മുടക്കി രൂപമാറ്റം; വാഹനങ്ങൾക്ക് ശല്യവും ഉപദ്രവവും അപകടവുമുണ്ടാക്കുന്ന വണ്ടിയോടിക്കലും; കൈയോടെ പിടികൂടാൻ ‘ഓപ്പറേഷൻ റാഷ്’

കൊച്ചി: ശാന്തമായി വാഹനങ്ങൾ നീങ്ങുമ്പോൾ പെട്ടെന്നായിരിക്കും കാതടപ്പിക്കുന്ന ഇരമ്പൽ കേൾക്കുന്നത്. എവിടെ നിന്നാണെന്നും എന്താണെന്നും മനസ്സിലാക്കും മുമ്പേ ആ ശബ്ദം തൊട്ടരികിലൂടെ വളഞ്ഞും പുളഞ്ഞും മുന്നോട്ടു കുതിച്ചിട്ടുണ്ടാകും.

‘ഫ്രീക്കൻമാരു’ടെ ഇത്തരം റോഡ് ഷോയ്ക്ക് കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പ്. ലക്ഷങ്ങൾ വില വരുന്ന ബൈക്കുകൾ രൂപമാറ്റം വരുത്തിയും മറ്റു വാഹനങ്ങളിലുള്ളവർക്കു ശല്യവും ഉപദ്രവവും അപകടവുമുണ്ടാക്കും വിധം വണ്ടിയോടിച്ചും ആളാകാൻ നോക്കുന്നവർക്കൊരു മുന്നറിയിപ്പ്, മോട്ടോർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ റാഷ്’ പിന്നാലെയുണ്ട്.

അപകടകരമാംവിധം അമിത വേഗത്തിൽ വാഹനമോടിക്കുന്നവരെയും മത്സര ഓട്ടം നടത്തുന്നവരെയുമെല്ലാം പിടികൂടാൻ കൊച്ചിയിൽ പരിശോധന മുന്നേറുകയാണ്. എറണാകുളം ആർ.ടി. ഓഫീസും വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ടീമും ചേർന്നാരംഭിച്ച ഓപ്പറേഷനിൽ ഇതുവരെ പിടിയിലായത് 200-ലേറെ പേർ.

കൊച്ചിയിലെ യൂത്തൻമാർക്കിടയിൽ ബൈക്ക് സ്റ്റണ്ടിങും മത്സരയോട്ടവും നടത്തുന്നതും ഇവ ബി.ജി.എം. ഇട്ട് ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്നതും കൂടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിന്നാണ് അധികൃതർ ഇവരെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നത്. ചെറായിയിലെ 19-കാരനെ പോലീസ് പൊക്കിയത് വൈറലാവാൻ വേണ്ടി ഹെൽമെറ്റും മാസ്കും എന്തിന് ഷർട്ട് പോലുമില്ലാതെ ബൈക്കോടിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടതിനു പിന്നാലെയാണ്.

റാഷ് ഡ്രൈവിങ് മാത്രമല്ല, ലക്ഷങ്ങൾ വില കൊടുത്തു വാങ്ങുന്ന ബൈക്കിൽ 20,000 മുതൽ 50,000 രൂപ വരെ മുടക്കി അനധികൃത രൂപമാറ്റം വരുത്തുന്നവർക്കും പണി റോഡിൽ കിട്ടും. ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേ, സീപോർട്ട് എയർപോർട്ട് റോഡ്, ദേശീയപാത, കളമശ്ശേരി, ഗോശ്രീ ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന ഊർജിതം.ദുരന്തമാകുന്ന രൂപമാറ്റങ്ങൾ

ബൈക്കിൽ എക്സ്ട്രാ ക്രാഷ് ഗാർഡുകൾ, വീതിയുള്ള ടയർ ഘടിപ്പിക്കൽ, സൈലൻസർ മാറ്റൽ, റിയർവ്യൂ കണ്ണാടികൾ നീക്കം ചെയ്യൽ, മറ്റു വാഹനങ്ങളിൽ എക്സ്ട്രാ ബംപറുകൾ, മുന്നിലെയും പിറകിലെയും ഗ്ലാസുകളിലെ ഫിലിമുകൾ, ബോഡിയിലെ ഗ്രാഫിക്സ്, മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന ചിത്രങ്ങൾ, സ്റ്റിക്കറുകൾ, തള്ളി നിൽക്കുന്ന തരത്തിലുള്ള കൂട്ടിച്ചേർക്കലുകൾ, സൈറനുകൾ തുടങ്ങിയവയാണ് ഇതുവരെ ശ്രദ്ധയിൽപ്പെട്ട രൂപമാറ്റങ്ങൾ.

അപകടം നടന്നാൽ ബൈക്കിലെ ക്രാഷ് ഗാർഡുകൾ യാത്രക്കാരനു കൂടുതൽ പരിക്കേൽക്കാനാണ് ഇടയാക്കുക. വീതിയുള്ള ടയർ സുരക്ഷിതത്വം വർധിപ്പിക്കുമെന്നു തോന്നാം. എന്നാൽ, വളവുകളിൽ ബൈക്ക് മറിയാനുള്ള സാധ്യത വർധിപ്പിക്കുന്നു, എൻജിനെയും മോശമായി ബാധിക്കും.

ബൈക്കുകളിലെ റിയർവ്യൂ ഗ്ലാസുകൾ നീക്കം ചെയ്യുന്നതും കാറുകളിലും മറ്റു വാഹനങ്ങളിലും ഗ്ലാസുകളിൽ സ്റ്റിക്കർ പതിക്കുന്നതും സുരക്ഷയെ ബാധിക്കും. ബൈക്കുകളിൽ പിൻസീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള പിടി, സാരി ഗാർഡ് എന്നിവ നീക്കം ചെയ്യുന്നതും വലിയ അപകടങ്ങൾക്കിടയാക്കുന്നു.