സംസ്ഥാനത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള പോലീസ് സ്റ്റേഷനുകൾ ഇരുനൂറിലേറെ

തിരുവനന്തപുരം: സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള പോലീസ് സ്റ്റേഷനുകൾ സംസ്ഥാനത്ത് ഇനിയും ബാക്കി. ക്യാമറക്കണ്ണിൽപ്പെടാത്ത ഒരു ഭാഗവും പോലീസ് സ്റ്റേഷനുകളിൽ ഉണ്ടാകരുതെന്ന സുപ്രീംകോടതി ഉത്തരവുവന്നെങ്കിലും സംസ്ഥാനത്ത് സംസ്ഥാനത്ത് 274 പോലീസ് സ്റ്റേഷനുകളിൽ മാത്രമാണ്‌ നിലവിൽ ക്യാമറകൾ ഉള്ളത്. ഇരുനൂറോളം സ്റ്റേഷനുകളിൽ ഇനിയും സ്ഥാപിക്കണം.

ലോക്കപ്പ് മർദനം ഉൾപ്പെടെയുള്ളവ തടയുന്നത് ലക്ഷ്യമാക്കിയാണ് പോലീസ് സ്റ്റേഷനുകളിൽ ക്യാമറകൾ വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനായി സംസ്ഥാന, ജില്ലാ തലങ്ങളിൽ മേൽനോട്ട സമിതികൾ രൂപവത്‌കരിച്ചിട്ടുണ്ട്. ജില്ലാ തലത്തിലുള്ള മേൽനോട്ട സമിതികളാണ് പോലീസ് സ്റ്റേഷനുകളിലെ ക്യാമറകളുടെ പരിപാലനവും മേൽനോട്ടവും വഹിക്കുന്നത്.

സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത എന്തെങ്കിലും മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് ദൃശ്യങ്ങൾ പരിശോധിച്ച് സമിതി വിലയിരുത്തും. ബാക്കിയുള്ള സ്റ്റേഷനുകളിലെ ക്യാമറ സ്ഥാപിക്കൽ ഉടൻ പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.