കൊച്ചി: പാകിസ്ഥാനിലേക്ക് കടക്കാന്‍ 13 അംഗ ശ്രീലങ്കന്‍ സംഘം കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) റിപ്പോര്‍ട്ട് നിലനില്‍ക്കെ ദൂരൂഹ സാഹചര്യത്തില്‍ കൊച്ചി ഹാര്‍ബറില്‍ എത്തിയ മത്സ്യബന്ധന ബോട്ട് കോസ്റ്റല്‍ പൊലീസ് പിടികൂടി. പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള ലേഡി മേഴ്സി എന്ന ബോട്ടില്‍ രജിസ്ട്രേഷന് രേഖകള്‍, പെര്‍മിറ്റ് എന്നിവ ഉണ്ടായിരുന്നില്ല.
ഇതിലുണ്ടായിരുന്ന ഏഴ് മലയാളികളുടെയും ആറ് തമിഴ്നാട്ടുകാരുടെയും ഐ.ഡി കാര്‍ഡ് അടക്കം പരിശോധിച്ചതില്‍ നിന്ന് ഇവര്‍ക്ക് ദുരൂഹ യാത്രയുമായി ബന്ധമില്ലെന്നാണ് സൂചന. ബോട്ട് മറൈന്‍ പൊലീസിന് കൈമാറി.
ശ്രീലങ്കന്‍ സംഘം കേരളത്തിലുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് തീരം. സംശയാസ്പദമായി ഒരു ബോട്ട് കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി. സുനുകുമാറിനാണ് വിവരം ലഭിച്ചത്. എസ്.ഐ ജോര്‍ജ് ലാലിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകിട്ട് പരിശോധന.
ആലപ്പുഴ, എറണാകുളം ജില്ലകളിലെ തീരദേശത്തു മത്സ്യത്തൊഴിലാളികളെന്ന വ്യാജേന തങ്ങിയ ശേഷം ബോട്ടും അത്യാവശ്യ സാധനങ്ങളും സംഘടിപ്പിച്ചു കടല്‍മാര്‍ഗം നീങ്ങാനും സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസും ഇന്റലിജന്‍സും ജാഗ്രത പുലര്‍ത്തുന്നത്.