വി​വാ​ദ​മാ​യ സ്പ്രി​ങ്ക്ള​ർ ഇ​ട​പാ​ട്; സ​ർ​ക്കാ​രി​നെ​യും മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം ശി​വ​ശ​ങ്ക​റി​നെ​യും വെ​ള്ള​പൂ​ശി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വി​വാ​ദ​മാ​യ സ്പ്രി​ങ്ക്ള​ർ ഇ​ട​പാ​ടി​ൽ സ​ർ​ക്കാ​രി​നെ​യും മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ​യും വെ​ള്ള​പൂ​ശി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ക​രാ​റി​ൽ ശി​വ​ശ​ങ്ക​റി​ന് ഗു​ഢ​താ​ത്പ​ര്യ​ങ്ങ​ളി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ച്ച ര​ണ്ടാം സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ആ​ണി​ത്.

നേ​ര​ത്തെ സ്പ്രി​ങ്ക​ള​ർ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് ആ​ദ്യം അ​ന്വേ​ഷി​ച്ച മാ​ധ​വ​ൻ ന​മ്പ്യ​ർ സ​മി​തി സ​ർ​ക്കാ​രി​നും ശി​വ​ശ​ങ്ക​റി​നും എ​തി​രാ​യ റി​പ്പോ​ർ​ട്ടാ​ണ് ന​ൽ​കി​യ​ത്. സ്പ്രി​ങ്ക​ള​ർ ക​രാ​ർ സം​സ്ഥാ​ന താ​ത്പ​ര്യ​ങ്ങ​ൾ വി​രു​ദ്ധ​മാ​യി​രു​ന്നു​വെ​ന്നും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ​ക്ക് മേ​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് പൂ​ർ​ണ അ​ധി​കാ​രം ന​ൽ​കു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ആ​ദ്യ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

ആ​ദ്യ റി​പ്പോ​ർ​ട്ട് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ സ​ർ​ക്കാ​ർ ഈ ​റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കാ​ൻ ര​ണ്ടാ​മ​തൊ​രു സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മി​തി​യാ​ണ് സ​ർ​ക്കാ​രി​നെ​യും ശി​വ​ശ​ങ്ക​റി​നെ​യും വെ​ള്ള​പൂ​ശി പു​തി​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കരാറിൽ വീഴ്ചകളുണ്ടായിരുന്നുവെങ്കിലും ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും കരാർ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമല്ലെന്നുമാണ് റിപ്പോർട്ടിൽ വെള്ളപൂശിയിരിക്കുന്നത്.

എംഎൽഎമാരായ പിടി തോമസ്, പിസി വിഷ്ണുനാഥ് എന്നിവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനെ തുടർന്നാണ് സർക്കാർ മുൻ നിയമസെക്രട്ടറി കെ. ശശിധരൻനായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. സമിതിക്ക് വേണ്ടി 5.27 ലക്ഷം രൂപ ചിലവഴിച്ചതായും സർക്കാർ മറുപടിയിൽ പറയുന്നു.

ഏപ്രിൽ 24നാണ് സമിതി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. കൊറോണ വിവര ശേഖരണത്തിന് സ്പ്ലിംഗർ കമ്പനിയെ ചുമതലപ്പെടുത്തിയ കരാർ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. മുഖ്യമന്ത്രി അറിയാതെയാണ് കമ്പനിയെ ഇതിനായി നിയോഗിച്ചതെന്നാണ് കമ്മീഷൻ്റെ അതിവിദഗ്ധമായ കണ്ടെത്തൽ. എന്നാൽ ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തിയിരുന്നില്ലെന്ന് പേരിനൊരു കുറ്റപ്പെടുത്തലുമുണ്ട്.

ഒരുമാസത്തോളം മാത്രമാണ് സ്പ്ലിംഗർ കരാർ നിലനിന്നതെന്നും ഡാറ്റാ ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ ഡാറ്റയും സിഡിറ്റിന്റെ ഡാറ്റാ സെന്ററിലേക്ക് മാറ്റിയതായും ഇതിൽ അവകാശപ്പെടുന്നു.