കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ ധൂർത്ത്; ഉപയോഗമില്ലാത്ത കോടികളുടെ ഉപകരണങ്ങൾ; തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിട്ട് മാസങ്ങൾ

തിരുവനന്തപുരം: കേരള ഓട്ടോ മൊബൈൽസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇലക്ട്രിക് ഓട്ടോയ്ക്കായി കണക്കില്ലാതെ നിര്‍മാണ സാമഗ്രികള്‍ വാങ്ങിച്ച് കൂട്ടിയതാണ് പ്രതിസന്ധിയ്ക്ക് കാരണം.

മോട്ടോറുകളും പെയിന്‍റും മറ്റ് സാമഗ്രികളും അടക്കം കോടികള്‍ വില വരുന്ന സാധനങ്ങളാണ് കെഎഎല്‍ ഫാക്ടറിയില്‍ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് വാങ്ങിയ രണ്ട് കോടിയുടെ മെഷിനറികളുടെ കവർ തുറന്ന് നോക്കിയത് പോലുമില്ല.

കഴിഞ്ഞ അ‍ഞ്ചുവര്‍ഷത്തിനിടെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളാ സര്‍ക്കാര്‍ കെഎഎല്ലിന് കൊടുത്തത് 35 കോടിയാണ്. കെഎഎല്‍ ഈ പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന് മനസിലാക്കാന്‍ കോടികൾ ചിലവിട്ട് വാങ്ങിയ ഉപകരണങ്ങളാണ് ഉദാഹരണം. ഐഎസ്ആര്‍ഒയ്ക്ക് വേണ്ട സാധനങ്ങള്‍ നിര്‍മിച്ച് കൊടുക്കാനെന്ന പേരില്‍ വാങ്ങിയ മെഷീന്റെ കവര്‍ പോലും പൊട്ടിക്കാതെ ഒന്നര വര്‍ഷത്തിലധികമായി വെറുതേ ഇട്ടിരിക്കുകയാണ്. 1.84 കോടി രൂപയുടെ ഉപകരണമാണ് ഉപയോഗത്തിനില്ലാതെ ഇട്ടിരിക്കുന്നത്.

ഇതുവരെ ആകെ വിറ്റത് 200 ല്‍ താഴെ ഇലട്രിക് ഓട്ടോകള്‍ മാത്രമാണ്. പക്ഷേ മുപ്പതിനായിരത്തിലേറെ രൂപ വില വരുന്ന 500 ല്‍ അധികം മോട്ടോറുകളാണ് ഒരാവശ്യവുമില്ലാതെ വാങ്ങിക്കൂട്ടിയത്. മോട്ടോറുകള്‍ വിതരണം ചെയ്യുന്ന വെംകോണ്‍ ടെക്നോളജീസ് എന്ന സ്ഥാപനം ഒന്നരക്കോടി രൂപ എത്രയും പെട്ടെന്ന് കൊടുക്കണം എന്ന് കാണിച്ച് കെഎഎല്ലിന് മെയിൽ അയച്ചുകഴിഞ്ഞു.

അതോടൊപ്പം 12 ലക്ഷം രൂപയ്ക്ക് വാങ്ങിക്കൂട്ടിയ പെയിന്‍റ് സ്റ്റോര്‍ റൂമില്‍ നശിച്ചുപോകുകയാണ്. ഫ്രണ്ട് ഡൂമും പാസഞ്ചര്‍ ബോഡിയും സീറ്റുകളും അടക്കം ഇഷ്ടം പോലെ സാധനസാമഗ്രികളാണ് ഫാക്ടറിയില്‍ വെറുതെ കിടക്കുന്നത്. വില കൂടിയ സാധനങ്ങള്‍ ആവശ്യാനുസരണം അവസാനം മാത്രം വാങ്ങുക എന്ന രീതി കെഎഎല്ലില്‍ ഇല്ല.

കോടികളാണ് സാധനങ്ങള്‍ വാങ്ങിയതിലൂടെ മാത്രം പല വിതരണക്കാര്‍ക്കും കൊടുക്കാനുള്ളത്. ഇലക്ട്രിക് ഓട്ടോയുടെ നിര്‍മാണമാണെങ്കില്‍ പ്ലാന്‍റില്‍ ഏതാണ്ട് നിലച്ച മട്ടാണ്. മാസങ്ങളായി തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാതെയാണ് ഈ പര്‍ച്ചേസ് ധൂര്‍ത്തും അതിന്‍റെ പിറകില്‍ നടക്കുന്ന അഴിമതിയും.