തൃശൂരിൽ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം

തൃശൂര്‍: പാലപ്പിള്ളിയിലും കണ്ടായിയിലും കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം. പാലപ്പിള്ളി സ്വദേശി ഒഴുക്കപ്പറമ്പന്‍ സൈനുദീൻ, ചുങ്കാൽ സ്വദേശി പീതാംബരൻ എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. എലിക്കോട് ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന സൈനുദീന്‍ കാട്ടാനയുടെ മുന്‍പില്‍ അകപ്പെടുകയായിരുന്നു.

ഭയന്ന് ബൈക്കില്‍ നിന്ന് വീണ സൈനുദീനെ കാട്ടാന നൂറ് മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയാണ് ആക്രമിച്ചത്. ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കുണ്ടായി എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ പീതാംബരൻ ടാപ്പിംഗിനായി സൈക്കിളിൽ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കുണ്ടായി ഇരുമ്പ് പാലത്തിന് സമീപം ആന വരുന്നത് കണ്ട് ഓടി മാറിയെങ്കിലും പിൻതുടർന്നാണ് ആനകൾ പീതാംബരനെ ആക്രമിച്ചത്.

ഇയാളുകളെ കൈയിലും കാലിലും കുത്തേറ്റ നിലയിലായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരന്തരമായി ഇത്തരം പ്രശ്നമുള്ള സാഹചര്യത്തിൽ വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, പ്രശ്നപരിഹാരത്തിന് പദ്ധതി തയ്യാറാക്കുന്നതായും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.