ഡിസിസി അധ്യക്ഷസ്ഥാനത്തേക്കു പട്ടിക നല്‍കിയിട്ടില്ല; താനുമായുള്ള ചര്‍ച്ചയ്ക്കു തെളിവായി കെ സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാട്ടിയത് തെറ്റായ നടപടി: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഡിസിസി അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കാനായി താന്‍ പട്ടിക നല്‍കിയിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. പ്രാഥമിക ചര്‍ച്ചകളില്‍ ചില പേരുകള്‍ പറഞ്ഞിരുന്നു. ആ ചര്‍ച്ചകള്‍ അപൂര്‍ണമായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. താനുമായുള്ള ചര്‍ച്ചയ്ക്കു തെളിവായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാട്ടിയത് തെറ്റായ നടപടിയായാണ് കാണുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

താനുമായി ചര്‍ച്ച നടത്തിയില്ലെന്നു പറഞ്ഞിട്ടില്ല. ചര്‍ച്ചകള്‍ അപൂര്‍ണമായിരുന്നു എന്നാണ് പറഞ്ഞത്. പ്രാഥമിക ചര്‍ച്ചയില്‍ ചില പേരുകള്‍ ഉയര്‍ന്നുവന്നു. ഈ പേരുകള്‍ സുധാകരന്‍ കുറിച്ചെടുക്കുകയും ചെയ്തു. അല്ലാതെ താന്‍ പട്ടിക നല്‍കിയിട്ടില്ല.

ചര്‍ച്ച നടത്തി എന്നു സ്ഥാപിക്കാന്‍ ഡയറി ഉയര്‍ത്തിക്കാണിച്ചത് ശരിയോ എന്നത് ഓരോരുത്തരുടെയും സമീപനത്തെ ആശ്രയിച്ചിരിക്കുമെന്ന്, ചോദ്യത്തിനു മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചിലര്‍ക്ക് അതു ശരിയായിരിക്കും. തന്നെ സംബന്ധിച്ചിടത്തോളും ്അതു തെറ്റായ നടപടിയാണ്.

പിന്നീടു കാണാം എന്നു പറഞ്ഞാണ് ചര്‍ച്ച പിരിഞ്ഞത്. അതിനു ശേഷം ചര്‍ച്ചയൊന്നുമുണ്ടായില്ല. താനും രമേശ് ചെന്നിത്തലയും നേതൃത്വത്തില്‍ ഉണ്ടായിരുന്നപ്പോള്‍ മൂന്നോ നാലോ പുനസംഘടന നടന്നിട്ടുണ്ട്. ഇതുപോലൊരു സാഹചര്യം അന്നൊന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.