പാരാലിമ്പിക്സിൽ ഇന്ത്യക്ക് തിരിച്ചടി; ഡിസ്കസ് ത്രോയില്‍ വെങ്കല മെഡല്‍ നേടിയ വിനോദ് കുമാറിൻ്റെ മെഡല്‍ അസാധുവാക്കി

ടോക്യോ: പാരാലിമ്പിക്സ് ഡിസ്കസ് ത്രോയില്‍ വെങ്കല മെഡല്‍ നേടിയ വിനോദ് കുമാറിൻ്റെ മെഡല്‍ അസാധുവാക്കി. മത്സരത്തിനുള്ള കാറ്റഗറി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. ഇന്നലെയാണ് വിനോദ് കുമാര്‍ ഡിസ്കസ് ത്രോയില്‍ വെങ്കലം നേടിയത്.

എഫ് 52 കാറ്റഗറിയിലായിരുന്നു വിനോദ് കുമാറിൻ്റെ മത്സരം. 19.91 മീറ്റര്‍ ദൂരെ ഡിസ്ക് എറിഞ്ഞ വിനോദ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പോളണ്ടിന്റെ പിയോറ്റ് കോസ്‌വിക്‌സ്, ക്രൊയേഷ്യയുടെ വെലിമിര്‍ സന്റോര്‍ എന്നിവരാണ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയത്.

ഒരേ തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ളവരാണ് പാരാലിമ്പിക്സില്‍ പരസ്പരം പോരടിക്കുക. എന്നാല്‍ വിനോദ് കുമാറിൻ്റെ കാറ്റഗറി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചു എന്നാണ് സംഘാടകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിനോദ് ആ കാറ്റഗറിയില്‍ മറത്സരിക്കാന്‍ യോഗ്യനല്ലെന്നും സംഘാടകര്‍ അറിയിച്ചു.