ചെല്ലാനം തീരസംരക്ഷണ പദ്ധതി പ്രഖ്യാപനം ഇന്ന്; ദുരിതത്തില്‍ നിന്ന് മോചനമെന്ന പ്രതീക്ഷയിൽ നാട്ടുകാർ

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനം തീരസംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം ഇന്ന് നടക്കും. 344 കോടി രൂപയുടെ പദ്ധതിയാണ് തീരസംരക്ഷണത്തിനായി പ്രഖ്യാപിക്കുക. പതിറ്റാണ്ടുകളുടെ ദുരിതത്തില്‍ നിന്ന് മോചനമാകുമെന്ന പ്രതീക്ഷയിലാണ് തീരദേശം. പറഞ്ഞ് മടുത്തിട്ടും പരിഹാരമാവാതിരുന്ന പ്രശ്നങ്ങള്‍ക്ക് അവസാനമാകുമെന്നാണ് പ്രതീക്ഷ.

ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് ഇന്ന് പ്രഖ്യാപിക്കുക. കടലേറ്റ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം ചെല്ലാനത്തെ മാതൃകാ മത്സ്യ ഗ്രാമമാക്കി മാറ്റുകയെന്നതും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുണ്ട്.

പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ആദ്യ മാതൃകാ മത്സ്യ ഗ്രാമമാകും ചെല്ലാനം. ചെന്നെ ആസ്ഥാനമായ നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച്‌ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടിയായിരിക്കും തീരസംരക്ഷണ പദ്ധതി നടപ്പാക്കുക.

ടെട്രാപോഡുകള്‍ ഉപയോഗിച്ച്‌ തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോട്യൂബുകളും സ്ഥാപിക്കും. കടലേറ്റം ഏറ്റവും രൂക്ഷമായ കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കചടവ് പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തിയായാല്‍ കടല്‍ കയറ്റപ്രശ്നത്തിന് ശമനമാകുമെന്നാണ് പ്രതീക്ഷ.