മറയൂര്‍: ഒരു കോടി രൂപ വിലയുള്ള ചന്ദനമരം വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ സോമനും കുടുംബവും എങ്ങനെയാണ് സമാധാനമായിട്ട് ഉറങ്ങുക. വീട്ടുമുറ്റത്ത് ഒരു കോടി രൂപ വിപണി മൂല്യമുള്ള ചന്ദന മരം പടര്‍ന്നു പന്തലിച്ചതോടെയാണ് സോമന്റെയും കുടുംബത്തിന്റെയും ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങിയത്.
മറയൂര്‍ കുണ്ടക്കാട് സ്വദേശി പേരൂര്‍ വീട്ടില്‍ സോമനും കുടുംബവുമാണ് സ്വന്തം വീട്ടിലെ ചന്ദന മരത്തിന്റെ വിലയില്‍ ഭയന്ന് കഴിയുന്നത്. ഏകദേശം ഒരു കോടിയിലധികം മൂല്യമുണ്ട് ഈ ചന്ദന മരത്തിന്. ഒരുവര്‍ഷത്തോളമായി സോമന്‍ ഈ പ്രശ്നം അനുഭവിച്ചു തുടങ്ങിയിട്ട്.
മരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സോമന്റെയും കുടുംബത്തിന്റെയും ആവശ്യം. വീടിന്റെ പരിസരത്തെ ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചു കടത്താന്‍ തുടങ്ങിയതോടെ വല്ലാത്ത ഭയത്തിലാണ് ഈ വീട്ടുകാര്‍. വനം വകുപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷ നല്‍കിയെങ്കിലും ഫലം കണ്ടില്ല.
ഒരിക്കല്‍ മോഷ്ടിക്കാന്‍ വന്നവര്‍ സോമനെ കെട്ടിയിട്ട ശേഷമാണ് മരങ്ങള്‍ മുറിച്ചുകൊണ്ട് പോയത്. ഇപ്പോള്‍ ഒരു ചന്ദനമരം മാത്രമാണ് സോമന്റെ പുരയിടത്തില്‍ അവശേഷിക്കുന്നത്.