എറണാകുളം-ബംഗളൂരു റൂട്ടിലോടുന്ന ട്രെയിനുകളുടെ റൂട്ടിൽ താൽക്കാലിക മാറ്റം

കൊച്ചി: എറണാകുളം-ബംഗളൂരു റൂട്ടിലോടുന്ന ട്രെയിനുകളുടെ റൂട്ടിൽ താൽക്കാലിക മാറ്റം വരുത്തി. സേലം ഡിവിഷനുകീഴിലെ ഓമലൂർ യാർഡിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് മാറ്റം.. കെഎസ് ആർ ബംഗളൂരു-എറണാകുളം ജങ്​ഷൻ ഇൻറർസിറ്റി പ്രതിദിന സ്പെഷൽ ട്രെയിൻ (നമ്പർ 02677)ഈ മാസം 31ന് ബംഗളൂരു ക​ൻ്റോൺമെൻറ്, സേലം ജങ്​ഷൻ എന്നിവിടങ്ങളിൽനിന്ന് റൂട്ട് മാറി കൃഷ്ണരാജപുരം, ബംഗാരപ്പെട്ട്, കുപ്പം, തിരുപ്പട്ടൂർ എന്നിവിടങ്ങളിലൂടെയാണ് ഓടുക.

കാർമലാരം, ഹൊസൂർ, ധർമപുരി സ്​റ്റേഷനുകളിൽ ഈ ദിവസം സ്​റ്റോപ് ഉണ്ടാവില്ല. 31ന് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചുപോവുന്ന 02678 നമ്പർ ട്രെയിൻ ഇതേ ഇടങ്ങളിൽനിന്ന് റൂട്ട് മാറ്റി തിരുപ്പട്ടൂർ, കുപ്പം, ബംഗാരപ്പെട്ട്, കൃഷ്ണരാജപുരം റൂട്ടിലൂടെയാണ് പോവുക. കാർമലാരം, ഹൊസൂർ, ധർമപുരി സ്​റ്റേഷനുകളിൽ സ്​റ്റോപുണ്ടാവില്ല.

പ്രതിവാര ട്രെയിൻ സർവിസ് നീട്ടി

എറണാകുളം ജങ്​ഷൻ-ബറൗനി ജങ്​ഷൻ റൂട്ടിലോടുന്ന രണ്ട്​ പ്രതിവാര സ്പെഷൽ ട്രെയിനുകളുടെ സർവിസ് നീട്ടി. ഈ മാസം 30 വരെയുള്ള തിങ്കളാഴ്ചകളിൽ അനുവദിച്ചിരുന്ന ബറൗനി ജങ്​ഷൻ-എറണാകുളം ജങ്​ഷൻ ട്രെയിൻ (നമ്പർ 02521) ഇനി ഒരറിയിപ്പുണ്ടാകും വരെ എല്ലാ തിങ്കളാഴ്ചയും ഓടും. സെപ്റ്റംബർ മൂന്നുവരെ വെള്ളിയാഴ്ചകളിൽ പുറപ്പെട്ടിരുന്ന എറണാകുളം ജങ്​ഷൻ-ബറൗനി ജങ്​ഷൻ ട്രെയിൻ(നമ്പർ 02522) ഇനി ഒരറിയിപ്പുണ്ടാകും വരെ എല്ലാ വെള്ളിയാഴ്ചയും സർവിസ് നടത്തും.