അച്ഛനെയും കുട്ടിയെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്ക് 15 ദിവസത്തെ നല്ല നടപ്പ് പരിശീലനം

തിരുവനന്തപുരം: മോഷണം ആരോപിച്ച് അച്ഛനെയും കുട്ടിയെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നല്ല നടപ്പ് പരിശീലനം. രജിതയെ 15 ദിവസത്തേക്കാണ് കൊല്ലത്ത് പരിശീലനത്തിന് അയച്ചത്. തെറ്റ് സംഭവിച്ചിട്ടും രജിത അച്ഛനോടും കുട്ടിയോടും മാപ്പ് പറഞ്ഞില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

എന്നാൽ ഇവരെ ന്യായീകരിക്കുന്ന രീതിയിലാണ് റിപ്പോർട്ട്. രജിത മോശമായി പെരുമാറിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാപ്പ് പറയാത്തത് വീഴ്ചയാണെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു, ഫോൺ നഷ്ടമായപ്പോൾ രജിത ബാഗിലോ വാഹനത്തിലോ പരിശോധിക്കേണ്ടതായിരുന്നു. എന്നാൽ പൊതു മധ്യത്തിൽ പ്രശ്നം ഒഴിവാക്കാമായിരുന്നുവെന്ന് ഡിഐജി പറഞ്ഞു.

ഡിഐജി സഞ്ചയ് കുമാർ ഗുരുഡിനാണ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളെയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്.

സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. വഴിവിട്ട ഇവരുടെ നീക്കങ്ങൾ നാട്ടുകാർ ഇടപെട്ടതോടെയാണ് അൽപമൊന്ന് തണുത്തത്. ഇതിൻ്റെ വീഡിയോയും ഏറെ പ്രചരിച്ചിരുന്നു.