പ്രതിദിന കൊറോണ കേസുകൾ 40,000 എത്തുമെന്ന ആരോഗ്യവകുപ്പിന്റെ നിഗമനത്തിൽ സർക്കാരിന് ആശങ്ക

തിരുവനന്തപുരം ∙ സംസ്ഥാനത്തു പ്രതിദിന കൊറോണ കേസുകൾ 40,000 എത്തുമെന്ന ആരോഗ്യവകുപ്പിന്റെ നിഗമനത്തിൽ സർക്കാരിന് ആശങ്ക. രണ്ട് ആഴ്ച നിർണായകമായിരിക്കും. മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലെ രോഗികളുടെ വർധന ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യ വകുപ്പു മുന്നറിയിപ്പു നൽകി. ഇവിടങ്ങളിൽ ഓക്സിജൻ കിടക്കകൾ ലഭ്യമാണെങ്കിലും ഐസിയു, വെന്റിലേറ്ററുകളുടെ ക്ഷാമം ഉണ്ടായേക്കാം.

രോഗികൾ വർധിച്ചാൽ മറ്റു ജില്ലകളിലെ ആശുപത്രികളിലേക്കു മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കേസുകൾ കുറഞ്ഞുനിന്ന തിരുവനന്തപുരത്ത് ഉൾപ്പെടെ വീണ്ടും വർധന ഉണ്ടായി. ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ കഠിനാധ്വാനം വേണ്ടിവരുമെന്നാണു വിലയിരുത്തൽ. നിലവിൽ 1,95,254 പേരാണു ചികിത്സയിലുള്ളത്. ഐസിയുവിൽ 2,047 പേരും വെന്റിലേറ്ററിൽ 790 പേരും കഴിയുന്നു.

ഓണക്കാലത്തു സമ്പർക്കം വർധിച്ചതും സംസ്ഥാനത്തേക്കു കൂടുതൽ ആളുകൾ എത്തിയതുമാണു വ്യാപനത്തിനു കാരണമായി കരുതുന്നത്. വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനത്തിനും കുറവു വന്നിട്ടില്ല. ഒരാളിൽ നിന്നു 3 മുതൽ 7 പേർക്കു വരെ ഇതു ബാധിക്കും.

വാക്സീൻ എടുത്തവർക്ക് കൊറോണ ബാധിക്കുന്നതിന്റെ നിരക്കും ഉയരുന്നുണ്ട്. അതിനാൽ വാക്സിനേഷൻ സെന്ററുകളിലെ സമ്പർക്കം കർശനമായി ഒഴിവാക്കണമെന്നു നിർദേശിച്ചു. ജനസംഖ്യയിൽ 70% പേർക്കെങ്കിലും 2 ഡോസ് വാക്സീനും ലഭിച്ചാലേ കൊറോണ വ്യാപനത്തിനു കുറവു വരികയുള്ളൂവെന്നാണു നിഗമനം. ഇതുവരെ 55.08% പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ 36.06% പേർക്കേ 2 ഡോസും ലഭിച്ചിട്ടുള്ളൂ.