വിവാദമായ ലഹരിമരുന്ന് കേസ്: ഒഴിവാക്കപ്പെട്ട യുവതിയെ എക്സൈസ് ഓഫീസിലെത്തിച്ചു: കൊച്ചിയിലെ അപ്പാർട്ട്മെന്റുകൾ നിരീക്ഷണത്തിൽ

കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ച കാക്കനാട്ടെ വിവാദമായ ലഹരിമരുന്ന് കേസിൽനിന്ന് ഒഴിവാക്കപ്പെട്ട യുവതിയെ കൊച്ചിയിലെ എക്സൈസ് ഓഫീസിലെത്തിച്ചു. നേരത്തെ കാക്കനാട്ടെ ഫ്ളാറ്റിൽനിന്ന് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ച തൈബയെയാണ് ഇന്ന് രാവിലെ എക്സൈസ് ഓഫീസിൽ എത്തിച്ചത്. യുവതിയെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.

യുവതിയുടെ ചില സുഹൃത്തുക്കളെയും എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. നേരത്തെ ചെന്നൈയിൽനിന്ന് ലഹരിമരുന്ന് എത്തിച്ച സംഘത്തിൽ തൈബയും ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് സംഘം കണ്ടെത്തിയിരുന്നു. തൈബയും മൂന്ന് യുവാക്കളും അടങ്ങുന്ന സംഘമാണ് ചെന്നൈയിൽനിന്ന് കാറിൽ ലഹരിമരുന്ന് എത്തിച്ചതെന്നാണ് വിവരം.

തൈബയും നേരത്തെ പിടിയിലായ ഷബ്നയും ലഹരിമരുന്ന് ഒളിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിനിടെ, പിടിയിലായ പ്രതികൾ മറ്റുചില അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചും ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായാണ് വിവരം. കാക്കനാട്ട് ഫ്ളാറ്റ് എടുക്കുന്നതിന് മുമ്പ് നഗരത്തിലെ മറ്റു അപ്പാർട്ട്മെന്റുകളിലും ഇവർ താമസിച്ചിരുന്നു. ഇവിടെവെച്ചും ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

അതേസമയം, ലഹരിമരുന്ന് കേസിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ചില അപ്പാർട്ട്മെന്റുകൾ നിരീക്ഷണത്തിലാണെന്ന് എക്സൈസ് ജോ. കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിന്റെ മറവിൽ അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും കൊച്ചി ലഹരിമരുന്ന് കേസിൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.