ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് തീകത്തിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

വര്‍ക്കല: ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് തീകത്തിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. പെരുങ്കുഴി സ്വദേശി രാജേന്ദ്രനെയാണ് (57) മരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച പകല്‍ വര്‍ക്കല കണ്ണമ്പചാലുവിള ചന്ദ്രലേഖയില്‍ ബിന്ദു വിശ്വനാഥന്‍റെ വീട്ടിലാണ് സംഭവം. ഇവരുടെ ബന്ധുവാണ് മരിച്ച രാജേന്ദ്രന്‍.

വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീയിട്ടതിനാല്‍ പൊള്ളലേറ്റ് കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഇയാളെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. തുണി ഉപയോഗിച്ച്‌ ഫാനില്‍ കെട്ടിത്തൂങ്ങിയതാകാമെന്നും തുണിയില്‍ തീപിടിച്ചപ്പോള്‍ താഴെ വീണതാകാമെന്നുമാണ് ഫയര്‍ഫോഴ്സിന്‍റെയും പൊലീസിന്‍റെയും പ്രാഥമിക വിലയിരുത്തല്‍.

വീടിന്‍റെ ഗേറ്റ് അടഞ്ഞു കിടന്നിരുന്നതിനാല്‍ ഷിയേഴ്സ്, ഹാമര്‍ എന്നിവ ഉപയോഗിച്ച്‌ ഗേറ്റിലെ പൂട്ട് തകര്‍ത്താണ് ഫയര്‍മാന്‍മാര്‍ അകത്തു കടന്നത്. തുറന്നു കിടന്നിരുന്ന പുറംവാതിലിലൂടെ ബിഎ സെറ്റ് ധരിച്ച്‌ ഫയര്‍മാന്‍മാരായ ഷഹീര്‍, വിഷ്ണു വി നായര്‍ എന്നിവര്‍ അകത്തു കയറി സിലിണ്ടര്‍ പുറത്തെടുത്തു.

പുറത്തെടുത്ത സിലിണ്ടര്‍ ചോര്‍ച്ചയടച്ച്‌ തണുപ്പിച്ചാണ് അപകടാവസ്ഥ ഒഴിവാക്കിയത്. കിടപ്പുമുറിയില്‍ പൊള്ളലേറ്റും കഴുത്തില്‍ കുരുക്കിട്ട നിലയില്‍ അബോധാവസ്ഥയില്‍ തറയില്‍ കിടന്നിരുന്ന രാജേന്ദ്രനെ സേനാംഗങ്ങള്‍ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നല്‍കി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

കിടപ്പുമുറിയിലെ ഫാനില്‍ തുണി കെട്ടി കഴുത്തില്‍ ഒരുക്കിട്ട് നടത്തിയ ആത്മഹത്യാ ശ്രമത്തില്‍ തുണികത്തിയതു മൂലം തറയില്‍ പതിച്ചതായി സംശയിക്കുന്നു. വീടിനുള്ളിലെ രണ്ട് കിടപ്പു മുറികള്‍, ഹാള്‍ എന്നിവിടങ്ങളിലെ ഉപകരണങ്ങള്‍ പൂണമായും കത്തിനശിച്ചു. അര മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂണമായും അണച്ചത്.