കൊച്ചി: ക്രൈസ്തവ വിശ്വാസത്തെയും പ്രതീകങ്ങളെയും നിരന്തരം അവഹേളിക്കുന്ന പ്രവണതകൾ കേരളത്തിന്റെ സാംസ്ക്കാരിക രംഗത്ത് പ്രത്യേകിച്ചും ചലചിത്രമേഖലയിൽ വർദ്ധിച്ചുവരുന്നത് തികച്ചും അപലപനീയമാണെന്ന് സീറോ മലബാർസഭാ സിനഡ് അഭിപ്രായപ്പെട്ടു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സഭ എക്കാലവും ബഹുമാനിക്കുന്നു. അതോടൊപ്പം ഒരു ജനതയുടെ വിശ്വാസ പൈതൃകങ്ങളെ ആദരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.
ഡെൽഹിയിലെ ഫരീദാബാദ് സീറോമലബാർ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണെന്ന് സിനഡ് വിലയിരുത്തി. വിശുദ്ധ കുർബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.
സഭാവാർത്തകൾ യഥാസമയം സംലഭ്യമാക്കാൻ സീറോമലബാർ സഭയുടെ മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വാർത്താപോർട്ടൽ (www.syromalabarvision.com) സിനഡിൽ മേജർ ആർച്ച്ബിഷപ് കാർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
കൊറോണ രോഗം മൂലം മരിച്ച നാനാജാതിമതസ്ഥരായ സഹോദരങ്ങൾക്ക് സിനഡ് പ്രാർത്ഥനാപൂർവ്വം ആദരാഞ്ജലികൾ അർപ്പിച്ചു. സീറോമലങ്കര സഭയുടെ ഗുഡ്ഗാവ് രൂപതയുടെ അധ്യക്ഷനായിരുന്ന ബിഷപ് മാർ ജേക്കബ് ബാർണബാസിൻ്റെ മരണത്തിൽ സിനഡ് പ്രത്യേകം പ്രാർത്ഥനാ ശുശ്രൂഷ നടത്തി അനുശോചനം അറിയിച്ചു. കൊറോണ ബാധിച്ചു മരിച്ച സാഗർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ പിതാവിന്റെ സേവനങ്ങളെ സിനഡ് അനുസ്മരിച്ചു.
കൊറോണ മഹാമാരി നിയന്ത്രണാതീതമായി തുടരുന്നത് തികച്ചും ആശങ്കാജനകമാണെന്ന് സിനഡ് വിലയിരുത്തി. കൊറോണ മൂലം ആരും ഒറ്റപ്പെട്ടുപോകുന്നില്ലെന്നും പട്ടിണി അനുഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താൻ സഭയുടെ എല്ലാ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈററികൾ ഇതിനായി ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയമാണെന്നും സിനഡ് നിരീക്ഷിച്ചു.
കേരളത്തിലെ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന വിവിധ സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഏതാനും ജനപ്രതിനിധികളുമായി സിനഡുപിതാക്കന്മാർ ചർച്ച നടത്തി. കർഷകർ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളും നിയമസഭയിലും പാർലമെന്റിലും ഉന്നയിച്ച് അനുകൂല തീരുമാനങ്ങൾക്കു വഴിയൊരുക്കാമെന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകി. കർഷകരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗശല്യം, ബഫർസോണും പരിസ്ഥിതിലോല പ്രദേശങ്ങളും നിർണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിതു ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുട്ടനാട്ടിലെ കർഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികൾ എന്നിവ ചർച്ചകൾക്കു വിഷയമായി.
രാഷ്ട്രനിർമ്മാണത്തിനായുള്ള ക്രൈസ്തവരുടെ സംഭാവനകളെ അവഗണിക്കുന്ന സമീപനം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള ആശങ്ക സിനഡ് ജനപ്രതിനിധികളെ അറിയിച്ചു.
സംവരണേതരവിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം അർഹരായവർക്കു ലഭിക്കുന്നതിൽ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചും സ്വാശ്രയ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമ നിർമ്മാണങ്ങളെക്കുറിച്ചുമുള്ള ആശങ്കകളെക്കുറിച്ചും യോഗം ചർച്ചചെയ്തു.
സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് തലശ്ശേരി അതിരൂപതയിലെ പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോനാ ദൈവാലയത്തെ ഉയർത്താൻ തീരുമാനിച്ചു. കുടിയേറ്റ ജനതയുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയ്ക്ക് ഈ ദൈവാലയം നിസ്തുലമായ സംഭാവനകൾ നൽകിയെന്നത് വിലയിരുത്തിയാണ് ഈ പദവി നൽകിയത്.