ജീവൻ കൊടുത്ത് ഒറ്റയാനിൽ നിന്ന് ഉടമയെയും കുടുംബത്തെയും രക്ഷിച്ച് വളർത്തുനായ

മൂന്നാർ: സ്വന്തം ജീവൻ കൊടുത്ത് ഉടമയെയും കുടുംബത്തെയും ഒറ്റയാനിൽ നിന്നു രക്ഷിച്ച് ടോമി എന്ന വളർത്തുനായ. കലി പൂണ്ടു പാഞ്ഞടുത്ത കാട്ടാന ടോമിയെ കൊമ്പിൽ കോർത്തെടുത്തപ്പോഴും ആനയുടെ കണ്ണിൽ മാന്തി നായ അ‍ഞ്ചംഗ കുടുംബത്തെ കാത്തു.

കാന്തല്ലൂരിലാണ് വീട് ആക്രമിക്കാനെത്തിയ ഒറ്റയാൻ വളർത്തുനായയെ കുത്തിക്കൊന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. വനാതിർത്തിയിലെ കൃഷികൾ ചവിട്ടിമെതിച്ച ശേഷം ആന കാന്തല്ലൂർ കുണ്ടകാട്ടിൽ സോമന്റെ പറമ്പിലേക്കു കയറാൻ ശ്രമിക്കവേ കമ്പിവേലിയിൽ കുരുങ്ങി. ഇതോടെ കലിയിളകിയ ആന വേലി തകർത്ത് സോമന്റെ വീടിനുനേരെ പാഞ്ഞടുത്തു.

ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കൾ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളിൽത്തന്നെ ഇരിക്കുകയായിരുന്നു. മുറ്റത്തെത്തിയ ഒറ്റയാൻ വീടിന്റെ തൂണിൽ പിടിച്ചു. പറമ്പിൽ കെട്ടിയിട്ട വളർത്തുനായ ടോമി ഇതോടെ തുടൽ പൊട്ടിച്ച് ഓടിയെത്തുകയായിരുന്നു.

നായ കാലിൽ കടിച്ചതോടെ ആനയുടെ നായയുടെ നേരെ പാഞ്ഞടുത്തു. വീണ്ടും കുരച്ചുകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച ടോമിയെ ആന കൊമ്പിൽ കോർത്തെടുത്തു. വയറ്റിൽ ആനക്കൊമ്പ് തുളഞ്ഞുകയറിയെങ്കിലും ആനയുടെ കണ്ണിൽ ടോമി മാന്തി. ഇതോടെ നായയെ കുടഞ്ഞെറിഞ്ഞ് ആന സ്ഥലംവിട്ടു. ഗുരുതരമായി പരുക്കേറ്റ ടോമി ഇന്നലെ ഉച്ചയോടെ ചത്തു.