കേരളത്തിലെ കൊറോണ സാഹചര്യം അതീവ ഗുരുതരം; മുഖ്യമന്ത്രി ഇപ്പോള്‍ എവിടെ; കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡെല്‍ഹി: കേരളത്തിലെ കൊറോണ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒന്നാം തരംഗത്തില്‍ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്ത്തിയവര്‍ ഇപ്പോള്‍ എവിടെയെന്ന് മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണ്. ഒന്നാം തരംഗത്തില്‍ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവര്‍ ഇപ്പോള്‍ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്. അന്ന് ദിവസവും വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ എവിടെയാണെന്നും മുരളീധരന്‍ ചോദിച്ചു.

രാജ്യത്ത് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത് 46,164 പേര്‍ക്ക്. ഇതില്‍ 31,445ഉം കേരളത്തിലാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസാണ്.