കൊച്ചി ലഹരിമരുന്ന് കേസ് ; എക്സൈസ് പിടിച്ചത് രണ്ട് കിലോഗ്രാം എംഡിഎംഎ, എഫ്ഐആറിൽ 86 ഗ്രാം മാത്രം; അട്ടിമറിയെന്ന് ആക്ഷേപം

കൊച്ചി: രണ്ട് കിലോഗ്രാമിനടുത്ത്എംഡിഎംഎ ലഹരിമരുന്ന് പിടിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആക്ഷേപം. എക്സൈസിന്റെ എഫ്ഐഐറിൽ ഉൾപ്പെടുത്തിയത് 86 ഗ്രാം മാത്രം. ബാക്കി ഒരു കിലോയിലധികം എംഡിഎംഎ ഉടമസ്ഥരില്ലാതെയാണ് കണ്ടെത്തിയതെന്ന് എക്സൈസിന്റെ മഹസർ റിപ്പോർട്ടിലും എഫ് ഐആറിലുമുള്ളത്. കേസിൽ പിടിയിലായ ഒരു യുവതിയെ ചോദ്യം ചെയ്യാതെ വിട്ടയച്ചതിലും പരാതി ഉയരുന്നുണ്ട്.

കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ രഹസ്യന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. എന്നാൽ കേസിൽ വീഴ്ചുണ്ടായിട്ടില്ലെന്നാണ് എക്സൈസ് നൽകുന്ന വിശദീകരണം. അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറി.

രണ്ട് എഫ്ഐആർ ആണ് കേസിലുള്ളത്. ആദ്യത്തേതിൽ 5 പ്രതികളുടെ പേരിൽ 86 ഗ്രാം ലഹരിമരുന്ന് കണ്ടെത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ എഫ് ഐആറിൽ മാന്യമായ വസ്ത്രം ധരിച്ച ഒരു വഴിപോക്കൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാക്കനാട്ടെ ഒരു ഫ്ലാറ്റ് പരിസരത്തെ കാർ പാർക്കിംഗ് ഏരിയയിൽ പരിശോധിച്ചപ്പോൾ ലഹരിമരുന്ന് കണ്ടെത്തിയെന്നാണ് ഉള്ളത്. ആദ്യ കേസിലെ പ്രതികളിലൊരാളുടെ ഐഡി കാർഡും ഇതിൽ നിന്നും കണ്ടെത്തിയിരുന്നു.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് പരിശോധന നടത്തിയതെന്ന വിവരമടക്കം ഒഴിവാക്കി ‘വഴിപോക്കൻ’ വിവരം നൽകിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിലും ഒരു കിലോയിലേറെ എംഡിഎഎയും കണ്ടെത്തിയിരുന്നു. പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴിയും നൽകി. മൂന്ന് തവണ ഇതിനായി ചെന്നൈയിൽ പോയി വന്നിട്ടുണ്ടെന്ന വിവരവും ലഭിച്ചു. മുൻപ് എത്തിച്ചവയെല്ലാം കൊച്ചിയിലും പരിസരങ്ങളിലും ഇടനിലക്കാർ വഴി വിറ്റഴിച്ചുവെന്ന വിവരവും പുറത്ത് വന്നിരുന്നു.