കൊച്ചി: എറണാകുളം ആലുവയിൽ ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിക്കിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. തെരുവിൽ സാമൂഹ്യസംഘടന വിതരണം ചെയ്ത ഭക്ഷണപൊതിയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇയാളെ ആക്രമിച്ച കേസിൽ കൊടുങ്ങല്ലൂർ സ്വദേശി വിനു നിലവിൽ റിമാൻഡിലാണ്.
കഴിഞ്ഞ 13നാണ് സംഭവം. ആലുവ ബാങ്ക് കവലയിൽ തെരുവിൽ കഴിയുന്നവർക്കായി സാമൂഹ്യസംഘടന ഭക്ഷണപൊതിയുമായി എത്തി. കൊടുങ്ങല്ലൂർ സ്വദേശിയായ വിനു കൈപ്പറ്റിയ ഭക്ഷണപൊതി തമിഴ്നാട് സ്വദേശിയായ മൂർത്തി തട്ടിപ്പറിച്ചു. തുടർന്നുള്ള ദേഷ്യത്തിൽ സമീപത്ത് കിടന്ന കല്ലെടുത്ത് വിനു മൂർത്തിയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു.
പരിക്കേറ്റ മൂർത്തിയെ പൊലീസെത്തി ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിൽ തുടരുന്നതിനിടെയാണ് മൂർത്തി മരിച്ചത്. 55 വയസ്സായിരുന്നു. സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്ത വിനു നിലവിൽ റിമാൻഡിലാണ്.
ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൂർത്തിയും,വിനുവും തമ്മിൽ നേരത്തെ വ്യക്തിവൈരാഗ്യമുണ്ടോയിരുന്നോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.