ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം; മഹാമാരിക്കാലത്തെ കരുതലോണം

തിരുവനന്തപുരം:ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്. കാലമെത്രമാറിയാലും മലയാളിയെവിടെയുണ്ടോ അവിടെ ഓണവുമുണ്ട്. കൊറോണ തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും പരിമിതമായ സാഹചര്യത്തിലും ജാതി-മത ഭേദമന്യേ ഓണം ആഘോഷിക്കുകയാണ് മലയാളികള്‍. മഹാമാരി ഭീതി വിട്ടൊഴിയാത്ത കരുതലോണം കൂടിയാണ് ഇത്.

കൊറോണ കാലത്ത് കരുതലോടെ ഓണം ആഘോഷിക്കണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പും നല്‍കുന്നത്. എങ്കിലും ഓണസദ്യയും ഓണക്കോടിയുമൊക്കെയായി തിരക്കിലാണ് മലയാളികള്‍…

അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന കഴിഞ്ഞ കാലത്തെ സ്മരണയില്‍ ഓണം ആഘോഷിക്കുന്ന സുദിനമാണിന്ന്. മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. കാര്‍ഷികവും വാണിജ്യവുമായി ബന്ധപ്പെട്ടും ഓണം കൊണ്ടാടുന്നു.

ഓര്‍മ്മകളുടെ പുതുവസന്ത കാലെ കൂടിയാണ് ഓണം. മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന കാലം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട് തലേദിവസം പൂവട്ടി നിറച്ച പൂവുമായി മുറ്റത്ത് പൂക്കളം തീര്‍ക്കണം. അത്തം മുതല്‍ തീര്‍ത്ത കളങ്ങളെക്കാള്‍ വലിയ കളം തീര്‍ത്ത് മാവേലിയെ വരവേല്‍ക്കണം.

ആര്‍ത്തുമദിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് അന്നത്തെ കളികളെല്ലാം ഓണക്കളികളാണ്. നാക്കിലയില്‍ വിഭവങ്ങള്‍ വിളമ്പി ഒരുപിടി സദ്യയും കൂട്ടി വേണം ഓണത്തിന്റെ രുചിയറിയാന്‍. നാട്ടിലും വീട്ടിലും ഒരുപോലെ ആഘോഷം, അതാണ് തിരുവോണത്തിന്റെ പ്രത്യേകത. പ്രായഭേദമെന്യേ മലയാളികള്‍ പുതുവസ്ത്രം ധരിച്ചാണ് തിരുവോണദിനം ആഘോഷിക്കുന്നത്.

തിരുവോണ ദിനത്തില്‍ എപ്പോഴും മുന്നിട്ട് നില്‍ക്കുന്നത് ഓണസദ്യ തന്നെയാണ്. ഇതാണ് കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷവും. എല്ലാവരും ഒത്തൊരുമിച്ചിരുന്നാണ് ഓണസദ്യ കഴിക്കുന്നത്. സദ്യ തരപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ പരസ്പരം മത്സരിക്കുന്നതും വേറിട്ടൊരു കാഴ്ചയാണ്.

ഇന്നത്തെ തലമുറക്ക് ഓണക്കളികള്‍ അത്ര കണ്ട് പരിചയം ഉണ്ടാവണം എന്നില്ല. എന്നിരുന്നാലും, ഓണക്കളികളില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യം തന്നെയാണ്. കേരളത്തില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക വിനോദങ്ങളില്‍ ഒന്നുകൂടിയാണ് ഓണക്കളികള്‍.

കാലമെത്ര തന്നെ മാറിയാലും ഓണമുള്ളടത്തോളം മലയാളി മലയാളത്തനിമ മറക്കില്ലെന്നുറപ്പാണ്. മലയാളിക്ക് ഓര്‍മ്മകളിലേക്കിറങ്ങി വരാന്‍ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും…