ജീവിച്ചിരുന്നപ്പോഴും മരണ ശേഷവും ഭാര്യയുടെ പേരിൽ ചികിത്സ പിരിവ് നടത്തി ഭര്‍ത്താവ്; ആശുപത്രിക്കാരെയും കബളിപ്പിച്ചു; യുവാവിനെതിരെ ഭാര്യാപിതാവിന്റെ പരാതി

കോട്ടയം: ജീവിച്ചിരുന്നപ്പോഴും മരണ ശേഷവും ഭാര്യയുടെ പേരില്‍ ചികിത്സാപ്പിരിവ് നടത്തിയ യുവാവിനെതിരെ ഭാര്യാപിതാവ് പൊലീസില്‍ പരാതി നല്‍കി. ഗര്‍ഭിണിയായ ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ആവശ്യത്തിലധികം പണം കൈയ്യിലുണ്ടായിരുന്നിട്ടും സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷങ്ങള്‍ പിരിച്ചെടുത്ത യുവാവിനെതിരെയാണ് പരാതി. മെയ് മാസത്തിലാണ് തിരുവല്ല സ്വദേശിനിയായ മുപ്പതുകാരിയെ കൊറോണ് ബാധയെ തുടര്‍ന്ന് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരാഴ്ചയ്ക്കുള്ളില്‍ കൊറോണ് നെഗറ്റീവായെങ്കിലും ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ന്യൂമോണിയ ബാധിച്ച യുവതിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായതോടെ ജൂണ്‍ 24ന് യുവതിയും മരിച്ചു. ഇതിനിടെയാണ് യുവതിയുടെ ഭര്‍ത്താവ് സോഷ്യല്‍ മീഡിയയിലൂടെ ചികിത്സാ സഹായത്തിനായി സന്ദേശമിട്ടത്.

അക്കൗണ്ടിലേക്ക് 35 ലക്ഷത്തിലധികം രൂപയാണ് ലഭിച്ചത്. ആശുപത്രിയില്‍ 26 ലക്ഷം രൂപയുടെ ബില്ലായി.
ഭാര്യ മരിച്ചപ്പോള്‍ മുഴുവന്‍ തുകയും അടയ്ക്കാതെ ആശുപത്രി അധികൃതരെയും കബളിപ്പിച്ചാണ് മൃതദേഹം കൊണ്ടു പോയത്. മരണ വിവരം അറിയാതെ ഇപ്പോഴും സോഷ്യല്‍ മീഡിയ വഴി ആളുകള്‍ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നുണ്ടെന്നറിഞ്ഞാണ് മരിച്ച യുവതിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഏഴു ലക്ഷം രൂപയോളം ബാക്കി തുക ആശുപത്രിയില്‍ അടയ്ക്കാനുണ്ടായിരുന്നിട്ടും യുവാവിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചത്. എന്നാല്‍, ചികിത്സാ സഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയതൊന്നും തനിക്കറിയില്ലെന്ന് യുവതിയുടെ അഛന്‍ പറയുന്നു. രണ്ടു കുടുംബങ്ങളും സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണെന്നും പണം പിരിച്ച് ചികിത്സ നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

നാല് ലക്ഷത്തോളം രൂപ താന്‍ യുവാവിന് നല്‍കിയിരുന്നെന്നും എത്ര തുക വേണമെങ്കിലും മകളുടെ ചികിത്സയ്ക്കായി നല്‍കാമെന്നും പറഞ്ഞിരുന്നതായിയും യുവതിയുടെ അഛന്‍ വെളിപ്പെടുത്തി. ചികിത്സയ്‌ക്കെന്നു പറഞ്ഞ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൈയ്യില്‍ നിന്നും പണം പിരിച്ചതായും പരാതിയിലുണ്ട്. യുവതിയുടെ വീട്ടില്‍ വെച്ച് നടന്ന മരണാനന്തര ചടങ്ങിനു ശേഷം യുവാവ് ഒരിക്കല്‍ പോലും അവിടേക്ക് വന്നിട്ടില്ലെന്നും മകളുടെ കൈവശമുണ്ടായിരുന്ന 50 പവനോളം സ്വര്‍ണം തിരികെ നല്‍കിയിട്ടില്ലെന്നുമാണ് യുവതിയുടെ അഛന്റെ ആരോപണം.

മരണം നടന്നതറിയാതെ പഴയ ഫേസ്ബുക്ക്, വാട്‌സാപ്പ് സന്ദേശങ്ങള്‍ കണ്ട് ആളുകള്‍ ഇപ്പോഴും പണമിടുന്നുമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഓഗസ്റ്റ് 18നാണ് യുവതിയുടെ ബന്ധുക്കള്‍ തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് ആശുപത്രിയിലെത്തി ബാക്കി തുക കൂടി യുവാവ് അടച്ചെന്നാണ് വിവരം. പരാതിയില്‍ പറയുന്ന സ്വര്‍ണം പണയം വെച്ചപ്പോള്‍ ലഭിച്ച പണമാണ് ആശുപത്രിയില്‍ അടച്ചതെന്നാണ് സൂചന.