ഓണക്കിറ്റില്‍ അഴിമതി ; ഏലക്ക നിലവാരം കുറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഓണക്കിറ്റില്‍ ഏലക്ക വാങ്ങിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഓണക്കിറ്റിലേക്ക് വാങ്ങിയ ഏലം നിലവാരം കുറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൃഷിക്കാരില്‍ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരില്‍ നിന്ന് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നാണ് സതീശന്‍ ആരോപിക്കുന്നത്. തമിഴ്‌നാട്ടിലെ ഇടനിലക്കാരന്‍ ആണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഓണക്കിറ്റിലെ ഏലക്ക വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പിടി തോമസ് എംഎല്‍എ നേരത്തെ രംഗത്തെത്തിയിരുന്നു. ഓണകിറ്റില്‍ ഏലക്ക വാങ്ങിയതില്‍ 8 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് പിടി തോമസ് ഉന്നയിച്ച ആരോപണം. കൃഷിക്കാരില്‍ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരില്‍ നിന്ന് വാങ്ങിയതില്‍ ക്രമക്കേടെന്നും അദ്ദേഹം പറഞ്ഞു.

15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ പതിനാല് സാധനങ്ങളും ഉള്‍പ്പെടുത്തി കിറ്റുകള്‍ തയ്യാറാക്കി വച്ചിട്ടുണ്ടെങ്കിലും ഏലക്ക ലഭിക്കാത്തതിനാല്‍ കിറ്റ് വിതരണം ചെയ്യാന്‍ സാധ്യമല്ല എന്നാണ് റേഷന്‍ കടകളില്‍ നിന്നും ലഭിച്ച മറുപടി.

സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴിയാണ് ഓണക്കിറ്റ് നല്‍കുന്നത്. 86 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണത്തിന് മുന്‍പായി ഓണക്കിറ്റ് ലഭ്യമാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. മൊത്തം 420.50 കോടി രൂപയോളമാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈ അവസാനത്തോടെ ആരംഭിച്ച കിറ്റ് വിതരണം ആഗസ്ത് 18 ന് മുന്‍പായി പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി.