സർക്കാരിന്റെ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി പാളി

തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി പാളി. പദ്ധതിക്ക് എസ്എസ്കെയുടെ സ്‌പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതി നിഷേധിച്ചു. കൈത്തറി ഡയറക്ടര്‍ നല്‍കിയത് 120 കോടിയുടെ പദ്ധതിയാണ്. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ അം​ഗീകാരവും നൽകിയിരുന്നു. എന്നാൽ പദ്ധതി ഇപ്പോള്‍ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്നാണ് സ്‌പെഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് തീരുമാനം.

സംസ്ഥാനത്ത് നേരത്തെ മുതൽ തന്നെ സർക്കാർ എയ്ഡഡ് സ്കൂളുകൾ സൗജന്യ യൂണിഫോം പദ്ധതി നടപ്പാക്കിയിരുന്നു. കൈത്തറി മേഖലയുടെ പുനരുദ്ധാരണം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് യൂണിഫോം കൈത്തറി മേഖലയ്ക്ക് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച കത്തും കൈത്തറി മേധാവി സർക്കാരിന് നൽകിയിരുന്നു. ഇത് സർക്കാർ അംഗീകരിച്ചിരുന്നു.

എന്നാൽ ഈ പദ്ധതികൾ നടപ്പാക്കേണ്ട സർവ ശിക്ഷാ കേരളയുടെ സ്പെഷ്യൽ വർക്കിം​ഗ് ​ഗ്രൂപ്പ്, പദ്ധതിക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, ഇത്രയധികം യൂണിഫോം ഒരുമിച്ച് നിർമിക്കുന്നതിനായുള്ള കൈത്തറി തുണി ലഭ്യമല്ലാത്തതാണ് കാരണമെന്നാണ് നി​ഗമനം.