മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍;പരാതിയുമായി കൂടുതല്‍ ഇടപാടുകാര്‍ രംഗത്ത്

മലപ്പുറം: വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കൂടുതല്‍ ഇടപാടുകാര്‍ രംഗത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ സംഭവത്തില്‍ നിരവധി പേര്‍ക്കാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടികൊണ്ടിരിക്കുന്നത്.

അംഗൻവാടി ടീച്ചറുടെ അക്കൗണ്ടിലൂടെ, അവരറിയാതെ 80 ലക്ഷം രൂപയുടെ പണമിടപാട് നടത്തിയത് പുറത്തുവന്നതിന് പിന്നാലെയാണ് എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. വേങ്ങര സ്വദേശിയായ വേണുഗോപാല്‍ എന്നയാളുടെ അകൗണ്ടിലൂടെ അദ്ദേഹമറിയാതെ മാറിയത് 25 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷം രൂപ വീതം അഞ്ച് തവണകളായാണ് പണം നിക്ഷേപിച്ചതും പിൻവലിച്ചതും.

പണം പിൻവലിക്കാൻ ചെക്ക് ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നിരിക്കെ, വ്യാജ ചെക്കും ഒപ്പും ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്നാണ് സൂചന. അംഗണവാടി ടീച്ചറായ ദേവിയെപ്പോലെ ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് കിട്ടിയപ്പോഴാണ് വേണുഗോപാലും ഇത്രയും തുക തന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതും പിൻവലിച്ചതും അറിയുന്നത്.

അക്കൗണ്ടില്‍ 25 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് വേണുഗോപാലിനോട് സമ്മതിച്ച ബാങ്ക് ജീവനക്കാര്‍, അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വേണുഗോപാലിനോട് പറയാൻ തയ്യാറായിട്ടില്ല. പണമിടപാട് നടത്തിയത് തന്‍റെ അറിവോടെയല്ലെന്ന കാര്യം ആദായനികുതി ഉദ്യോഗസ്ഥരെ വേണുഗോപാല്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.