ചതിയുടെയും വഞ്ചനയുടെയും ഒറ്റുകാരുടെയും തലതിരിഞ്ഞ ചരിത്രമുള്ള സിപിഎം സ്വാതന്ത്ര്യത്തിൻ്റെ മൂല്യവും ചരിത്രവും പഠിപ്പിക്കേണ്ട: കെ സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സുധാകരന് സ്വാതന്ത്ര്യ സമര മൂല്യബോധമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ അഭിപ്രായത്തിനെതിരെയാണ് പേരെടുത്ത് പറയാതെ സുധാകരൻ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ചതിയുടെയും വഞ്ചനയുടെയും ഒറ്റുകാരുടെയും തലതിരിഞ്ഞ ചരിത്രമുള്ള നിങ്ങളും നിങ്ങളുടെ പാർട്ടിയും സ്വാതന്ത്ര്യത്തിൻ്റെ മൂല്യവും ചരിത്രവും എന്നെയും കോൺഗ്രസ് പാർട്ടിയേയും പഠിപ്പിക്കാൻ വരേണ്ടതില്ലെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നുവെന്നാണ് സുധാകരൻ്റെ മുന്നറിയിപ്പ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഹ്വാനം ചെയ്ത സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ അണിനിരന്ന് ഇന്ത്യയിലെ ലക്ഷോപലക്ഷം മനുഷ്യർ സ്വാതന്ത്ര്യത്തിന് വേണ്ടി ചോരയും നീരും കൊടുക്കുമ്പോൾ കമ്മ്യൂണിസ്റ്റ് ചൈനയ്ക്കും സോവിയറ്റ് യൂണിയനും വേണ്ടി സ്വന്തം രാജ്യത്തെ സമര ഭടൻമാരെ ഒറ്റുകൊടുത്ത ചരിത്രമാണ് താങ്കളുടെ പാർട്ടിക്കുള്ളത്.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച നിങ്ങളുടെ പാർട്ടി 1962 ലെ ഇന്തോ- ചൈന യുദ്ധകാലത്ത് ഇന്ത്യൻ സൈനികർക്ക് രക്തംദാനം ചെയ്തതിൻ്റെ പേരിൽ വിഎസ് അച്ചുതാനന്ദനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ചൈനാ വിധേയത്വം പരസ്യമായി പ്രഖ്യാപിച്ചത് നിങ്ങൾ മറന്നാലും ഈ നാട് മറക്കില്ല.

1942 ന് ശേഷമുള്ള സ്വതന്ത്രസമര കാലം പാർട്ടിയുടെ ചരിത്രത്തിലെ തന്നെ അപകടകരമായ കാലഘട്ടം എന്നാണ് പാർട്ടി രേഖകളിൽ കാണുന്നത്. സ്വതന്ത്ര സമരത്തിൽ നിന്ന് വിട്ടുനിന്നതും സോവിയറ്റ് യൂണിയന് വേണ്ടി ബ്രിട്ടനെ പിന്തുണച്ചതും ആയിരക്കണക്കിന് കേഡർമാർ പാർട്ടി വിട്ടു പോകുന്നതിന് കാരണമായി. സ്വതന്ത്ര ഇന്ത്യയിൽ പാർട്ടിയുടെ സ്ഥാനം ചരിത്രത്തിൻ്റെ ചവിട്ടു കൊട്ടയിലായിരിക്കും എന്ന തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് നേതൃത്വം നഷ്ടപ്പെട്ട ജന വിശ്വാസം വീണ്ടെടുക്കാൻ കൊൽക്കത്താ തീസിസിലൂടെ രക്തരൂക്ഷിത കലാപങ്ങൾക്ക് ആഹ്വാനം ചെയ്തു.

സ്വതന്ത്ര ഇന്ത്യ യാഥാർത്ഥ്യമാകാൻ സാങ്കേതിക കാലതാമസം മാത്രം ബാക്കി നിൽക്കേ, കോൺഗ്രസ് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തു എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച് സ്വന്തം പേരിലൊരു ചരിത്രമുണ്ടാക്കാൻ ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവൻ കുരുതി കൊടുക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തത്. പുന്നപ്ര വയലാറിലും തെലുങ്കാനയിലുമടക്കം നിരവധി ചെറുതും വലുതുമായ കലാപങ്ങളിലൂടെ നഷ്ടപ്പെട്ടുപോയ ജനവിശ്വാസം വീണ്ടെടുക്കൽ മാത്രമായിരുന്നു ഒറ്റുകാരുടെ സംഘടനയുടെ ലക്ഷ്യം. ആയിരക്കണക്കിന് മനുഷ്യരുടെ ചോരയിൽ ചവിട്ടി ചരിത്രത്തിലേക്ക് നടന്നു കയറാം എന്ന പ്രാകൃത കമ്മ്യൂണിസ്റ്റ് ബോധമാണ് ഇന്നും നിങ്ങളെ നയിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

ലോകചരിത്രത്തിൽ തന്നെ വിവിധ മതങ്ങളുടെ ആശയങ്ങൾക്ക് സ്വന്തം സംസ്കാരത്തിലിടം കൊടുത്ത് മാനവരാശിക്ക് ഐക്യത്തിന്റെ മാതൃകയായിരുന്നു ഭാരതം. വർഗീയ ശക്തികളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മതത്തിന്റെ പേരിൽ കീറിമുറിക്കുന്നതിനെതിരെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തിക്കുകയും ജനങ്ങളെ ഉത്ബോധിപ്പിക്കുകയും ചെയ്തപ്പോൾ രാജ്യത്തെ വിഭജിക്കുന്നതിന് കൂട്ടുനിന്നവരാണ് നിങ്ങൾ.

അന്ന് നിങ്ങളോടൊപ്പം ഉണ്ടായിരുന്നവർ ഇന്ന് ഈ രാജ്യം ഭരിക്കുകയും മുറിവേറ്റ ജനതയെ വീണ്ടും വിഭജനത്തിന്റെ ഓർമകൾ കൊണ്ട് വെറുപ്പിന്റെ രാഷ്ട്രീയം പഠിപ്പിക്കുകയും ചെയ്യാൻ ശ്രമിക്കുമ്പോൾ അവർക്ക് കൂട്ടായി ചരിത്രത്തിലേക്ക് ഷൂ നക്കികളുടെ പിൻവാതിൽ നിയമനം നടത്തുകയാണ് നിങ്ങൾ.

2002 ൽ ആർഎസ്എസ് സ്വതന്ത്ര സമരം ആഘോഷിക്കാൻ തീരുമാനിച്ചതിനു ശേഷം ചരിത്രത്തിന്റെ അപനിർമിതി വളരെ ബോധപൂർവ്വം സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് അതിൽ നിന്നും മാറി നിൽക്കാനാവില്ലല്ലോ. തലതിരിഞ്ഞ ചരിത്രമുള്ളതുകൊണ്ടാണ് നിങ്ങളും ബിജെപിയും ഉയർത്തുന്ന ദേശീയ പതാക സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിലും തലതിരിഞ്ഞ് തന്നെ ഇരിക്കുന്നത്.

ദേശീയ പതാക ഉയർത്തുമ്പോഴും ദേശീയ ഗാനം ആലപിക്കുമ്പോഴും നിങ്ങൾക്ക് തെറ്റ് സംഭവിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ്. നിങ്ങൾ എത്ര മൂടിവെച്ചാലും ചരിത്രത്തിൽ പിൻവാതിൽ നിയമനം നടത്തിയാലും ഇതേ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടും. കാരണം ഈ രാജ്യവും അതിന്റെ ആത്മാവും കോൺഗ്രസിന്റെ ചോരയിലാണ്. അതിനെ ശരിയായ അർഥത്തിലുൾക്കൊള്ളാൻ നിങ്ങൾക്കിനിയും സമയം എടുക്കുമെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു.