ആദിത്യൻ ജയനെക്കുറിച്ച് അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുത്; നടി അമ്പിളീ ദേവിക്ക് കോടതിയുടെ നിർദ്ദേശം

തൃശ്ശൂര്‍: സീരിയൽ നടൻ ആദിത്യൻ ജയനെക്കുറിച്ച് മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുതെന്ന് നടി അമ്പിളീ ദേവിക്ക് തൃശ്ശൂർ കുടുംബ കോടതിയുടെ നിർദേശം. അമ്പിളിക്കെതിരെ ആദിത്യൻ നൽകിയ കേസ് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അമ്പിളീ ദേവി പണയം വച്ച ആദിത്യന്റേതടക്കമുള്ള ആഭരണങ്ങൾ കേസ് തീർപ്പാകുന്നത് വരെ വിട്ടുകൊടുക്കുന്നതിൽ നിന്ന് ബാങ്ക് മാനേജരെ കോടതി വിലക്കി.

2019 ലാണ് നടൻ ആദിത്യൻ ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് ബന്ധം മോശമായതോടെ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അഭിമുഖങ്ങൾ നൽകിയിരുന്നു. ഇതിൽ അമ്പിളി ദേവി നടത്തുന്ന പരാമർശങ്ങൾ അസത്യവും തന്റെ ജോലി സാധ്യതകൾ തകർക്കുന്നതും ആണെന്നാണ് ആദിത്യന്റെ വാദം.

അമ്പിളീദേവിയിൽ നിന്ന് 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് തൃശ്ശൂർ കുടുംബകോടതിയിൽ ആദിത്യൻ പരാതി നൽകിയിരുന്നു. പരാതിയില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടന്നാണ് കോടതിയുടെ നിർദേശം. മാധ്യമങ്ങളിലൂടെ ആദിത്യനെ അപകീർത്തിപ്പെടുന്ന പ്രസ്താവനകൾ നടത്തരുത്. സ്വർണാഭരണങ്ങളെ ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കത്തിലും കോടതി ഇടപെട്ടു.

അമ്പിളിയുടെയും ആദിത്യന്റെയും ആഭരണങ്ങൾ അമ്പിളി ബാങ്കിൽ പണയം വെച്ചതിന്‍റെ രേഖകൾ ആദിത്യൻ ഹാജരാക്കി. ഇത് പരിഗണിച്ച കോടതി കേസ് തീർപ്പാക്കുന്നത് വരെ അവ വിട്ടു നൽകുന്നതിൽ നിന്നും ബാങ്കിനെ വിലക്കി. അമ്പിളീ ദേവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന രേഖകളും ആദിത്യൻ കോടതിയിൽ ഹാജരാക്കി.

ആദിത്യൻ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും 10ലക്ഷം രൂപയും 100പവൻ സ്വര്‍ണ്ണാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നുമാണ് അമ്പിളി നേരത്തെ നൽകിയ പരാതി.‍ എന്നാല്‍ സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് അവകാശപ്പെടുന്ന തെളിവുകളും ആദിത്യൻ സമർപ്പിച്ചിട്ടുണ്ട്. നേരത്തെ അമ്പിളിയുടെ പരാതിയെത്തുടന്ന് സീരിയൽ നടന്മാരുടെ സംഘടനയായ ആത്മയിൽ നിന്ന് ആദിത്യനെ പുറത്താക്കിയിരുന്നു. കോടതി ഉത്തരവിനെ കുറിച്ചു അറിയില്ലെന്നും നിയമ നടപടികൾ മുന്നോട്ടു പോകട്ടെ എന്നും അമ്പിളി ദേവി അറിയിച്ചു.