തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്ക് 955.13 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ വില്ലേജുകളില്‍ നിന്നാണ് 955.13 ഹെക്ടര്‍ ഭൂമി എല്‍.എ.ആര്.ആര്. ആക്ട്, 2013 ലെ വ്യവസ്ഥകള്‍ക്കു വിധേയമായി എറ്റെടുക്കുക. റെയില്‍വേ ബോര്‍ഡില്‍ നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്കാണ് ഭൂമി ഏറ്റെടുക്കൽ.
ഇതിനായി 7 തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസും മേല്‍പ്പറഞ്ഞ ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍.എ) ഓഫീസുകളും രൂപീകരിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് താത്ക്കാലികമായാണ് നിയമനം.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് ധനകാര്യവകുപ്പില്‍ അനോമിലി റെക്ടിഫിക്കേഷന്‍ സെല്‍ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷക്കാലത്തേക്ക് ജോയിന്റ് സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍, മൂന്ന് അസിസ്റ്റന്റ് തസ്തികകള്‍ രൂപീകരിക്കും.