മാനസയുടെ കൊലപാതകം; വീണ്ടും ബിഹാറിലേക്ക് പോകാനൊരുങ്ങി കേരള പോലീസ്

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിലെ ബി.ഡി.എസ്. വിദ്യാർഥിനി കണ്ണൂരിലെ മാനസയുടെ കൊലപാതകക്കേസിൽ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബിഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്. കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത രാഖിൽ തോക്കു വാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശികളായ സോനുകുമാറും മനീഷ്കുമാർ വർമയും കൂടുതൽ കാര്യങ്ങൾ പറയാത്തതോടെയാണിത്.

കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞു. തോക്കു നൽകിയത് പ്രതികൾ സമ്മതിക്കുകയും ചെയ്തു. ഇനി ലഭിക്കേണ്ടത് കേരളത്തിലേക്കുള്ള തോക്ക് വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മാത്രമാണ്.

കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ അയച്ചിട്ടില്ല എന്നതിൽ ഉറച്ചുനിൽക്കുകയാണ് പ്രതികൾ. പ്രതികളും രാഖിലും മറ്റു രണ്ടുപേരുമായി ബിഹാറിലൂടെ കാറിൽ സഞ്ചരിക്കുന്ന ഫോട്ടോ പോലീസിന് ലഭിച്ചിട്ടുണ്ട്. ബിഹാർ മുൻഗർ പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനാണ് ലക്ഷ്യം.

ഹൈദരാബാദിലേക്ക് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച തോക്കിന്റെ റിപ്പോർട്ട് ഈ ആഴ്ച ലഭിക്കും. രാഖിലിന്റേതല്ലാതെ മറ്റാരുടെയെങ്കിലും വിരലടയാളം ഇതിൽ പതിഞ്ഞിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.