വിശുദ്ധ കുർബ്ബാന; മാർപാപ്പായുടെ തിരുവെഴുത്ത് വിധേയത്വത്തോടെ അനുസരിക്കാൻ സഭയ്ക്ക് കടമയുണ്ട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: വിശുദ്ധ കുർബ്ബാന ഏകീകൃത രീതിയിൽ അർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ സീറോ മലബാർ സഭയ്ക്ക് നൽകിയ തിരുവെഴുത്ത് വിധേയത്വത്തോടെ അനുസരിക്കാൻ സഭയ്ക്കു മുഴുവനും കടമയുണ്ടെന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ സഭാ സിനഡ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു മാർ ആലഞ്ചേരി.

വിശുദ്ധ കുർബ്ബാന ഏകീകൃത രീതിയിൽ അർപ്പിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ നൽകിയ തിരുവെഴുത്തിന് കർദിനാൾ പരിശുദ്ധസിംഹാസനത്തിന് നന്ദി പറഞ്ഞു.നവീകരിച്ച കുർബ്ബാനക്രമത്തിന് പൗരസ്ത്യതിരുസംഘവും മാർപാപ്പയും നൽകിയ അംഗീകാരത്തിനും മാർ ആലഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി.

സഭയുടെ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തുന്ന സിനഡാണ് ആരംഭിക്കുന്നതെന്ന് മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി. സഭയ്ക്കു ദൈവം നൽകിയ അനുഗ്രഹങ്ങളെയോർത്തു മേജർ ആർച്ച്ബിഷപ് ദൈവത്തിനു നന്ദി പറഞ്ഞു.

കൊറോണ വ്യാപനം ഭാരതത്തിലും വിശേഷിച്ച് കേരളത്തിലും നിയന്ത്രണാതീതമായി തുടരുന്നത് ഏറെ ആശങ്കാജനകമാണ്. കൊറോണ മൂലം ജീവത്യാഗം ചെയ്തവരെ സിനഡ് പ്രാർത്ഥനാപൂർവ്വം അനുസ്മരിച്ചു. സീറോമലബാർ മെത്രാൻസിനഡിലെ അംഗമായിരുന്ന ബിഷപ് പാസ്റ്റർ നീലങ്കാവിൽ കൊറോണ ബാധിച്ച് മരിച്ചതിലുള്ള അനുശോചനവും പ്രാർത്ഥനയും കർദിനാൾ പങ്കുവച്ചു.

സീറോമലബാർസഭയുടെ ഇരുപത്തിയൊൻപതാമതു സിനഡിന്റെ രണ്ടാം സമ്മേളനമാണ് മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. ഓൺലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ഇന്ന് വൈകുന്നേരം ആരംഭിച്ച സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് തിരി തെളിച്ച് സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തിരുവല്ല അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ് തോമസ് മാർ കുറിലോസ് പ്രാരംഭ ധ്യാനചിന്തകൾ പങ്കുവച്ചു.ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 27നാണ് സിനഡ് സമാപിക്കുന്നത്.