നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷമാണ് ഭാരതത്തിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിന് ബോധ്യമായി;സിപിഎം താമസിയാതെ വന്ദേമാതരം ചൊല്ലും : കെ സുരേന്ദ്രൻ

തിരുവനന്തപുരം: നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷമാണ് ഭാരതത്തിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായതായി ബിജെപി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. 74 വർഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സി.പി.എം ഇപ്പോൾ ആഘോഷിക്കുന്നത് സ്വാഗതാർഹമാണ്.

ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണ്. ദേശീയപതാക ഉയർത്താൻ സി.പി.എമ്മി​ൻെറ മുതിർന്ന നേതാക്കൾ എത്തിയില്ലെങ്കിലും അടുത്ത വർഷം മുതൽ അവരും പങ്കാളികളാകും. അഞ്ചുവർഷം കഴിഞ്ഞാൽ സിപിഎം വന്ദേമാതരം ചൊല്ലാനും തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.

യുവമോർച്ചയുടെ മാരത്തൺ യുവ സങ്കൽപയാത്ര കവടിയാർ ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുവമോർച്ച ജില്ല പ്രസിഡൻറ്​ ആർ. സജിത്ത് അധ്യക്ഷത വഹിച്ചു. വി.വി. രാജേഷ്, ബി.എൽ. അജേഷ്, നന്ദു പാപ്പനംകോട്, കരമന പ്രവീൺ എന്നിവർ പ്രസംഗിച്ചു.