കെ സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ

തിരുവനന്തപുരം: കെ സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സംസ്ഥാന കമ്മിറ്റി ഓഫിസിൽ ദേശീയ പതാക ഉയർത്തുന്നത് ഇത് ആദ്യമല്ലെന്ന് എ. വിജയരാഘവൻ പറഞ്ഞു.

‘1947 ൽ പി. കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. എകെജിയും, ഇഎംഎസും, പി. കൃഷ്ണപിള്ളയുമാണ് കേരളത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച നേതാക്കൾ. കെ. സുധാകരൻ്റെ പരാമർശങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു’ എന്നുമാണ് കെ. സുധാകരന് മറുപടിയായി എ. വിജയരാഘവൻ നൽകിയത്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് എ. വിജയരാഘവൻ പ്രതികരിച്ചത്.

ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നായിരുന്നു കെ. സുധാകരന്റെ പരിഹാസം.