ആലുവയില്‍ ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതി പോലീസിന് കീഴടങ്ങി

ആലുവ: പുക്കാട്ടുപടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പത്തു ദിവസത്തിനു ശേഷം പ്രതി കീഴടങ്ങി. ഡോ.ജീസൺ ജോണിക്കാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ്(36) അറസ്റ്റിലായത്. സംഭവം നടന്നു പത്തു ദിവസത്തിനുശേഷം വെള്ളിയാഴ്ച രാത്രി ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഓഗസ്റ്റ് മൂന്നിന്ന് ഉച്ചയ്ക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിനു മുൻപിലാണ് ഡോക്ടർക്കു മർദനമേറ്റത്. ഭാര്യയും ഒമ്പതു വയസ്സുള്ള കുട്ടിയുമായി ചികിത്സയ്ക്കെത്തിയതായിരുന്നു പ്രതി. കൊറോണ രോഗബാധിതയായ ഭാര്യ ആശുപത്രിയിലെത്തുമ്പോൾ നെഗറ്റീവായിരുന്നതായി പറയുന്നു.

കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർക്കു മർദനമേറ്റത്. പിന്നിൽനിന്നായിരുന്നു ആക്രമണം. വനിതാ നഴ്സുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു. പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

സുരക്ഷാ ജീവനക്കാർ എത്തിയാണ് ഡോക്ടറെ ഇയാളുടെ ആക്രമണത്തിൽനിന്നു രക്ഷപെടുത്തിയത്. ഡോക്ടർ ഭാര്യയോടു സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്നതാണ് ആക്രമണത്തിനു കാരണമെന്നാണു വിലയിരുത്തൽ. വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുൻപാണ് അവധിക്കെത്തിയത്. ഡോക്ടർക്കെതിരെ പ്രതിയുടെ ഭാര്യയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഡോക്ടർമാരുടെ സംഘടനകളിൽ നിന്നുൾപ്പടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലെയും കൊറോണ വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവച്ചു ഡോക്ടർമാർ സമരത്തിനിറങ്ങുമെന്നു കഴിഞ്ഞ ദിവസം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സഖറിയാസ് മുന്നറിയിപ്പു നൽകിയിരുന്നു.

ഐഎംഎ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞദിവസം റൂറൽ എസ്പിയുടെ ഓഫീസിന് മുന്നിൽ ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ധർണയും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി പോലീസിന് മുന്നിൽ കീഴടങ്ങിയത്.

പ്രതിയെ അറസ്റ്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നതായി ഐഎംഎ ഭാരവാഹികൾ പറഞ്ഞു. അതേസമയം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ. ആവശ്യപ്പെട്ടു. ഡോക്ടറെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയുണ്ട്.