അധ്യാപകരെ കൊറോണ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കൊറോണ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

കൺടെയ്ൻമെന്റ് സോണിൽ കൊറോണ ഇല്ലാത്ത മുഴുവൻ പേർക്കും വാക്സിൻ നൽകും. എല്ലാവരെയും പരിശോധിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകനയോഗം തീരുമാനിച്ചു.

വാക്സിനേഷൻ യജ്ഞം ദ്രുതഗതിയിൽ നടപ്പാക്കാൻ എല്ലാ ജില്ലകളിലും ഊർജിതമായ പ്രവർത്തനം നടത്തും. വലുപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരുദിവസം 40,000 ഡോസും മറ്റു നാലുജില്ലകൾ 25,000 ഡോസും നൽകണം. ഓഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തും.