നെയ്യാര്‍ തീരത്ത് വീണ്ടും ചീങ്കണ്ണി ഭീതി; ഇതുവരെ നഷ്ടമായത് മൂന്ന് ജീവനുകൾ

കാട്ടാക്കട: നെയ്യാര്‍ തീരത്ത് വീണ്ടും ചീങ്കണ്ണി ഭീതി. മായം പുട്ടുകല്ല് കുരിശ്ശടിയ്‌ക്ക് സമീപം വെള്ളം കയറിയ കശുമാവ് തോട്ടത്തില്‍ ചീങ്കണ്ണിയെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് ദിവസം മുന്‍പും ഇവിടെ ചീങ്കണ്ണിയെ കണ്ടിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പിനെ വിവരം അറിയിച്ചു.

വനംവകുപ്പെത്തി പരിസരം പരിശോധിച്ചെങ്കിലും ചീങ്കണ്ണിയെ കണ്ടെത്താനായില്ല. വര്‍ഷങ്ങളായി ചീങ്കണ്ണി ഭീതി നിലനില്‍ക്കുന്ന സ്ഥലമാണ് നെയ്യാര്‍ റിസര്‍വോയര്‍ തീരം. മൂന്ന് മനുഷ്യ ജീവനുകള്‍ ചീങ്കണ്ണിയുടെ ആക്രമണത്തില്‍ നഷ്ടമായിട്ടുണ്ട്. കൂടാതെ ഒട്ടേറെ പേര്‍ക്ക് അംഗവൈകല്യവും സംഭവിച്ചിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ തീരത്തിന് സമീപത്തെ വീടുകളിലുള്ള വളര്‍ത്തു മൃഗങ്ങളെ ചീങ്കണ്ണി ഇരയാക്കുന്നതും പതിവായിരുന്നു.
സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. ഇതുകൊണ്ട് തന്നെ തീരത്തോട് ചേര്‍ന്ന് കൃഷി ഭൂമിയെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

ഇതുകാരണം റിസര്‍വോയറിലെ ചീങ്കണ്ണികള്‍ നീന്തി തീരത്തേയ്‌ക്ക് കയറാന്‍ സാദ്ധ്യതയുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.