തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ദേഹത്ത് പുഴുവരിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംനേടിയ രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. പുഴുവരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി അനില്‍കുമാര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിയാതിരുന്ന അനില്‍ കുമാര്‍ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ജോലിസ്ഥലത്ത് നിന്ന് മടങ്ങി വന്ന അനില്‍ കുമാര്‍ വീട്ടില്‍ വീണതിനെതുടര്‍ന്ന് പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇദ്ദേഹം കൊറോണ പോസിറ്റീവായി. തുടര്‍ന്ന് കൊറോണ വാര്‍ഡിലേക്ക് മാറ്റി. ബന്ധുക്കളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശവും നല്കി.
കൊറോണ വാര്‍ഡില്‍ ചികിത്സയിലിരിക്കെ ആശുപത്രി ജീവനക്കാരുടെ ശ്രദ്ധക്കുറവ് മൂലം അനില്‍കുമാറിനെ പുഴുവരിച്ച് എന്നായിരുന്നു ആരോപണം. കൊറോണ നെഗറ്റീവായ ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് അനില്‍കുമാറിനെ ആരോഗ്യപ്രവര്‍ത്തകര്‍ വേണ്ട വിധം ശ്രദ്ധിക്കാതെ ഇരുന്നതാണ് പുഴുവരിക്കാന്‍ കാരണമെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തു വന്നിരുന്നു.
സംഭവത്തില്‍ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കുകയും ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവും നടന്നു. സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരുന്നു.