ഒഴിവിന് ആനുപാതികമായി പിഎസ്‌സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം പരിഗണനയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ ചുരുക്കുന്ന കാര്യം ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ക്ക് ആനുപാതികമായി മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റീസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ചിരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ജോലി കിട്ടില്ല.

അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാ നിയമന അധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി വരുന്നുണ്ട്.

ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക ചുരുക്കുന്നതോടെ, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷ നല്‍കുന്ന സ്ഥിതിയുണ്ടാവില്ല. ജസ്റ്റിസ് ദിനേശന്‍ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാകും ഇക്കാര്യത്തില്‍ തുടര്‍ തീരുമാനങ്ങളുണ്ടാവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജീവനക്കാരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, ഒഴിവുള്ള തസ്തികകള്‍ എന്നീ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എച്ച് സലാമിന്റെ സബ്മിഷന് മറുപടിയായി നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.