മലയാളികൾ വെള്ളം കുടിക്കുമ്പോലെ മദ്യം കുടിക്കുന്നു; ഒരുദിവസം ശരാശരി കുടിക്കുന്നത് അഞ്ചുലക്ഷത്തിലധികം ലിറ്റർ മദ്യം

കൊച്ചി: മലയാളികൾ ശരാശരി ഒരുദിവസം കുടിക്കുന്ന മദ്യം അഞ്ചുലക്ഷം ലിറ്ററിലധികം. ഇത്രത്തോളംതന്നെ ബിയറും ദിവസം അകത്താക്കുന്നുണ്ട്. ഇതിനുപുറമേ ദിവസവും മൂവായിരം ലിറ്ററിലധികം വൈനും മലയാളികൾ കുടിച്ചുതീർക്കും.

ബിവറേജസ് കോർപ്പറേഷൻ വിവരാവകാശപ്രകാരം നൽകിയ കണക്കുകളാണ് ഇതിന്‌ അടിസ്ഥാനം. കൊച്ചിയിലെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസാണ് വിവരങ്ങൾ തേടിയത്.

ബിവറേജസിന്റെ 265 ഔട്ട് ലെറ്റുകൾ, കൺസ്യൂമർ ഫെഡിന്റെ ഔട്ട് ലെറ്റുകൾ, 740 ബാറുകൾ വഴിയാണ് ഇത്രയും മദ്യം വിറ്റത്. അഞ്ചുവർഷം 94.22 കോടി ലിറ്റർ മദ്യം വിറ്റെങ്കിലും ഇതിൽനിന്ന് സർക്കാരിനുലഭിച്ച ലാഭം എത്രയെന്നുവ്യക്തമല്ല.

2016-17-ൽ 85.93 കോടിയും 2017-18 വർഷം 100.54 കോടിയും ലാഭംകിട്ടി. ബാക്കിവർഷത്തെ ലാഭം കണക്കാക്കുന്നതേയുള്ളൂ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 47,624 കോടിയുടെ മദ്യം വിറ്റപ്പോൾ സർക്കാരിനു കിട്ടിയ ലാഭം 503.52 കോടിയാണ്.