തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. വോട്ടെടുപ്പ് നടന്ന 14 വാര്‍ഡുകളില്‍ ഏഴിടത്ത് എല്‍ഡിഎഫ് വിജയിച്ചു. ആറിടത്ത് യുഡിഎഫും നേടി. ഒരിടത്ത് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് ജയം കണ്ണൂര്‍ ആറളം പഞ്ചായത്ത് ഭരണം ഇടതുമുന്നണി നേടി. പത്താം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 137 വോട്ടിനാണ് ഇടതുസ്ഥാനാര്‍ത്ഥി വിജയിച്ചത്.

വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷന്‍ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി എസ് രാധാകൃഷ്ണന്‍ 112 വോട്ടിനു വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി 96 വോട്ടിനാണ് ജയിച്ചത്.

പത്തനംതിട്ടയിലെ കലഞ്ഞൂര്‍ പഞ്ചായത്ത് 20-ാം വാര്‍ഡ് (പല്ലൂര്‍) ഇടതുമുന്നണി വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി അലക്‌സാണ്ടര്‍ ദാനിയേല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് പിടിച്ചെടുത്തത്. നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വിദ്യാ വിജയന്‍ 94 വോട്ടിന് വിജയിച്ചു.

എറണാകുളം ജില്ലയില്‍ നാലിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു. പിറവം നഗരസഭ അഞ്ചാംഡിവിഷന്‍, മാറാടി പഞ്ചായത്ത് ആറാംവാര്‍ഡ്, വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാര്‍ഡ് എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയിച്ചു. മൂന്നും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. വേങ്ങൂരില്‍ എല്‍ഡിഎഫ് സീറ്റ് നിലനിറുത്തി.

വേങ്ങൂര്‍ പഞ്ചായത്ത് 11ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി പീറ്റര്‍ 19 വോട്ടിനാണ് യുഡിഎഫിലെ ലീന ജോയിയെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ്–418, യുഡിഎഫ്–399, ബിജെപി–13, സ്വതന്ത്രന്‍–191 എന്നിങ്ങനെയാണ് വോട്ടിങ് നില.

പിറവം നഗരസഭ അഞ്ചാം ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയി 205 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ അഞ്ജു മനുവിനെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 687 വോട്ടില്‍ എല്‍ഡിഎഫിന് 241 വോട്ടും യുഡിഎഫിന് 446 വോട്ടും ലഭിച്ചു.

മൂവാറ്റുപുഴ മാറാടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ യുഡിഎഫിലെ രതീഷ് ചങ്ങാലിമറ്റം എല്‍ഡിഎഫിലെ ബിനില്‍ തങ്കപ്പനെ 91 വോട്ടിന് പരാജയപ്പെടുത്തി. യുഡിഎഫ്–351, എല്‍ഡിഎഫ്—260, ബിജെപി—22 എന്നിങ്ങനെയാണ് വോട്ടിങ് നില.

വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ യുഡിഎഫിലെ ഷജി ബെസ്സി എല്‍ഡിഎഫിലെ റിനി ബിജുവിനെ 232 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 989 വോട്ടില്‍ എല്‍ഡിഎഫ്–362, യുഡിഎഫ്–594, എന്‍ഡിഎ–29, സ്വതന്ത്രന്‍– രണ്ട്, അസാധു–2 എന്നിങ്ങനെയാണ് വോട്ടിങ് നില. രണ്ട് വോട്ട് അസാധുവായി.

നിലമ്പൂര്‍ ബ്ലോക്ക് വഴിക്കടവ് ഡിവിഷന്‍ ലീഗ് പിടിച്ചെടുത്തു. സിപിഎമ്മില്‍ നിന്ന് ലീഗ് നേടി. കോട്ടയം എലിക്കുളം പഞ്ചായത്ത് 14-ാം വാര്‍ഡ് യുഡിഎഫ് വിജയിച്ചു. മലപ്പുറം ചെറുകാവ് 10-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വണ്ടൂര്‍ പഞ്ചായത്തിലെ 9-ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വളയം ഗ്രാമപഞ്ചായത്ത് കല്ലുനിര വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

ആലപ്പുഴ മുട്ടാര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ഇടതുമുന്നണി നേടി. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് 168 വോട്ട് വീതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്. സിപിഎം സ്വതന്ത്രന്‍ ആന്റണി (മോനിച്ചന്‍)യാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്.