കേരളത്തില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡെല്‍ഹി: കേരളത്തില്‍ കൊറോണ വൈറസിന് ജനതിക മാറ്റം സംഭവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ കൊറോണ പോസിറ്റിവിറ്റി നിരക്ക് കുറയാതെ നില്‍ക്കുന്നതിനു കാരണം പുതിയ വേരിയന്റിന്റെ സാന്നിദ്ധ്യമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്.

സംസ്ഥാനത്ത് കൊറോണ വൈറസ് അണുബാധ അതിവേഗം പടരുന്നുവെന്നതും, കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നതും സത്യമാണെങ്കിലും, ഈ കുതിച്ചുചാട്ടം പുതിയ വേരിയന്റുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ആറംഗ കേന്ദ്ര സംഘം അടുത്തിടെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായ ചില ജില്ലകള്‍ സന്ദര്‍ശിക്കുകയും കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ കൊറോണ നിയന്ത്രണങ്ങളിലെ പോരായ്മ, പ്രായമായവരുടെയും പ്രമേഹരോഗികളുടെയും ഉയര്‍ന്ന ശതമാനം മുതലായ നിരവധി ഘടകങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രോഗം വീണ്ടും സ്ഥിരീകരിച്ച കേസുകളെ കുറിച്ചും, ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും സംഘം തേടിയിട്ടുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജീത് സിംഗ് പറഞ്ഞു.

ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെയുള്ള കാലയളവില്‍ കേരളത്തില്‍ നാല് ലക്ഷത്തോളം പേര്‍ക്ക് കൊറോണ ബാധിക്കാമെന്ന് സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണത്തോട് അനുബന്ധിച്ച് ഇളവുകള്‍ നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.